Movie Day
ഞാന്‍ ആ സിനിമയില്‍ ചെയ്ത പരിപാടി ഇതില്‍ ചെയ്യരുതെന്ന് അല്‍ത്താഫ് പറഞ്ഞു: വിനയ് ഫോര്‍ട്ട്
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അല്‍ത്താഫിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമെന്ന നിലയിലും ഫഹദ്-കല്യാണി പ്രിയദര്‍ശന്‍ കോമ്പോ എന്ന രീതിയിലും വിനയ് ഫോര്‍ട്ട് ചിത്രമെന്ന നിലയിലുമൊക്കെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവെക്കുന്ന ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര.
ചിത്രത്തിലേക്കുള്ള തന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. മുന്‍ സിനിമകളിലെ തന്റെ ചില പരിപാടികള്‍ ഈ സിനിമയില്‍ എടുക്കരുതെന്നായിരുന്നു അല്‍ത്താഫ് ആദ്യം കണ്ടപ്പോള്‍ തന്നെ പറഞ്ഞതെന്നും അതിനൊരു കാരണമുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ്.
‘ അല്‍ത്താഫിന് ഭയങ്കര അതോറിറ്റിയുള്ള ഒരു കൈന്‍ഡ് ഓഫ് കോമഡി ഉണ്ട്. അത് അല്‍ത്താഫിന് ഭയങ്കര ഈസിയാണ്. നമ്മളെ സംബന്ധിച്ച് അത്ര ഈസിയല്ല.
ഓരോ ഫിലിം മേക്കറും കോമഡിയെ അപ്രോച്ച് ചെയ്യുന്നത് ഭയങ്കര വ്യത്യസ്തമായിട്ടാണ്. അല്‍ത്താഫ് ഭയങ്കര വിഷനുള്ള, എന്ത് വേണം എന്ത് വേണ്ട എന്ന് തീര്‍ച്ചയും മൂര്‍ച്ചയും ഉള്ള ആളാണ്.

അല്ലാതെ നമ്മളെ ഇംപ്രവൈസ് ചെയ്യാന്‍ വിട്ടിട്ടുള്ള പരിപാടിയല്ല. കറക്ട് സ്ഥലത്ത് കട്ട് ചെയ്യുന്ന ആളാണ്. എന്നെ സംബന്ധിച്ച് ഈ പറയുന്ന പോലെ അല്‍ത്താഫിന്റെ ഒരു പ്രോസസിലേക്ക് എത്താന്‍ തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.
കാര്യം ഞാന്‍ പൊതുവെ ഒരു ലൈന്‍ കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ ഒബ്ജക്ടീവൊക്കെ മനസിലാക്കി അത് പ്ലേ ഔട്ട് ചെയ്യുന്ന ആളാണ്. അല്‍ത്താഫ് ഒരു ലൈന്‍ എഴുതും. അതില്‍ ഒരു സാധനം ഉണ്ടാകും. അതിന്റെ റെസ്‌പോണ്‍സില്‍ വേറൊരു സാധനം ഉണ്ടാകും.
ഈ സാധനം വൃത്തിയായി പറഞ്ഞാല്‍ മാത്രമേ അടുത്ത ആള്‍ക്ക് റെസ്‌പോണ്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. അപ്പോഴേ ഹ്യൂമര്‍ ജനറേറ്റ് ചെയ്യപ്പെടുള്ളൂ. അതൊരു ചലഞ്ചായിരുന്നു.
എന്നെ കാസ്റ്റ് ചെയ്തതിന് ശേഷം അല്‍ത്താഫുമായി സംസാരിച്ചപ്പോള്‍ പുള്ളി എന്നോട് എന്റെ പഴയ സിനിമകളിലെ ചില തമാശകളൊക്കെ ചോദിച്ചു. അതില്‍ പലതും എനിക്ക് തന്നെ ഓര്‍മയുണ്ടായിരുന്നില്ല.

അതോടെ അല്‍ത്താഫ് ടെന്‍ഷനായി. വിനയ്, വിനയുടെ ഒരു പരിപാടിയുണ്ടല്ലോ, ഒന്ന് ആലോചിച്ചിട്ട് പറയുക, പോസ് എടുത്തിട്ട് പറയുക അതൊന്നും എന്റെ പടത്തിന് വേണ്ട കേട്ടോ, നമ്മള്‍ ചെയ്യാന്‍ പോകുന്നത് വേറൊരു പരിപാടിയാണ് എന്ന് പറഞ്ഞു.
കുറച്ചുകൂടി സ്പീഡിലുള്ള, കുറച്ചുകൂടി എനര്‍ജി വേണ്ട ഒരു പരിപാടി. എന്നായിരുന്നു പറഞ്ഞത്. ഈ സിനിമയില്‍ അല്‍ത്താഫ് ഒരു വേള്‍ഡ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഞാനൊക്കെ ചെറിയൊരു ക്രാക്കുള്ള ഒരു പറ്റം മനുഷ്യരാണ്. ആ മീറ്ററില്‍ അഭിനയിക്കുക ഒരു ചലഞ്ചായിരുന്നു.
പിന്നെ ഇത് ഒരു കമേഴ്ഷ്യല്‍ സിനിമയാണ്. ഇതില്‍ ഒരുപാട് ലക്ഷ്വറിയുണ്ട്. ഫഹദ് ലീഡ് ചെയ്യുന്ന സിനിമ, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍, അല്‍ത്താഫിന്റെ സിനിമ ഇതൊക്കെ ഫാക്ടറാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Vinay Forrt about Director Althaf