എഡിറ്റര്‍
എഡിറ്റര്‍
വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍
എഡിറ്റര്‍
Friday 27th October 2017 5:04pm


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆

ചിത്രം : വില്ലന്‍
സംവിധാനം : ബി. ഉണ്ണികൃഷ്ണന്‍
കഥ,തിരക്കഥ :ബി. ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം : റോക്ക്‌ലൈന്‍ വെങ്കടേഷ്
ഛായാഗ്രഹണം : മനോജ് പരമഹംസ, എന്‍.കെ ഏകാംബരം


താരതമ്യേന മികച്ചൊരു ത്രില്ലറായിരുന്നു ഗ്രാന്റ് മാസ്റ്റര്‍. കഥ പറച്ചിലിലും മെയ്ക്കിംഗിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയതായിരുന്നു ചിത്രം. പിന്നീട് വന്ന മിസ്റ്റര്‍ ഫ്രോഡ് അസല്‍ ഫ്രോഡായിരുന്നെങ്കിലും മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും മറ്റൊരു കുറ്റാന്വേഷണ  ചിത്രവുമായി എത്തുന്നു എന്നത് പ്രതീക്ഷയ്ക്ക് വക തന്ന വാര്‍ത്തയായിരുന്നു. പിന്നാലെ വില്ലന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം മറ്റൊരു ഗ്രാന്റ് മാസ്റ്റര്‍ എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ലുക്കിലും സ്വഭാവത്തിലുമെല്ലാം ചന്ദ്രയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മാത്യൂ മാഞ്ഞൂരാനും. 

എന്നാല്‍ ഗ്രാന്റ് മാസ്റ്ററോളം എത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മിസ്റ്റര്‍ ഫ്രോഡിനേക്കാള്‍ പിന്നിലാവുകയാണ് വില്ലന്‍ ചെയ്തത്. സൂപ്പര്‍ പൊലീസ് ക്ലീഷേ ചിത്രങ്ങളുടെ മറ്റൊരു പതിപ്പു മാത്രമാണ് ഉണ്ണികൃഷ്ണന്റെ വില്ലന്‍. എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനും എന്ന സൂത്രവാക്യമാണ് മാത്യൂ മാഞ്ഞൂരാന്‍ വില്ലനിലൂടെ പ്രേക്ഷകര്‍ക്ക് പകരുന്നത്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് വില്ലന്‍ അസ്സല്‍ വില്ലനായി മാറി.

ജോലിയിലെ തന്റെ അവസാന ദിവസം സംഭവിക്കുന്ന ഒരു ക്രൈമിലേക്ക് അയാള്‍ക്ക് സുഹൃത്തു കൂടിയായ സീനിയര്‍ ഓഫീസറുടെ നിര്‍ബന്ധം കാരണം ഇന്‍വോള്‍വ് ആകേണ്ടി വരുന്നു. സത്യത്തില്‍ ആ കേസിലേക്ക് അയാളെ കുറ്റവാളി തന്നെ എത്തിക്കുകയായിരുന്നു. പറഞ്ഞു വന്ന കഥയ്ക്ക് മുമ്പ് എവിടെയെങ്കിലും കേട്ടതോ കണ്ടതോ ആയ ചിത്രങ്ങളുടെ സാമ്യമുണ്ടെങ്കില്‍ അതിന് സംവിധായകനോ താരമോ ഉത്തരവാദിയല്ല എന്ന മുറയിപ്പോടെ പിന്നീട് ചിത്രം പുരോഗമിക്കുകയാണ്.

പതിവു പോലെ എല്ലാം മുന്‍ കൂട്ടി കാണാനും മനസിലാക്കാനും സാധിക്കുന്ന അതിമാനുഷികനായ പൊലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ലാല്‍. ഒരു സൂപ്പര്‍ സ്റ്റാര്‍ ആകുമ്പോള്‍ മിനിമം അതെങ്കിലും വേണ്ടേ? സ്‌ക്രീപ്റ്റ് നേരത്തെ വായിച്ചതിന്റെ ആയാസത കേസിലെ ഓരോ വഴിത്തിരിവിലും മാത്യൂ മാഞ്ഞൂരാന്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, മെമ്മറീസ് തുടങ്ങി കഴിഞ്ഞ കുറച്ചു കാലത്തായി പുറത്തിറങ്ങിയ എല്ലാ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലേയും കഥകളുടെ ആവര്‍ത്തനമാണ് വില്ലന്‍. അടുത്ത സെക്കന്റില്‍ എന്താണ് സംഭവിക്കുക എന്ന് യാതൊരു ആശങ്കയും ഇല്ലാതെ പ്രേക്ഷകന് പറയാന്‍ സാധിക്കുന്ന ക്ലീഷേയ്ഡ് ത്രില്ലര്‍.

തന്റെ സഹ പ്രവര്‍ത്തകനോട് ഷെയ്ക്‌സ്പിയര്‍ നാടകത്തിലെ അതി പ്രശസ്തമായ വാക്കുകള്‍ അദ്ദേഹം പറയുന്നിടത്തു തന്നെ ചിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു ട്വിസ്റ്റ് പൊളിയുകയാണ്.

പിന്നീട് ആ ട്വിസ്റ്റിലേക്കുള്ള യാത്രയാണ്. കഥ നേരത്തെ അറിയാവുന്നത്  കൊണ്ട് ആ യാത്ര ഒരുപാട് സഞ്ചരിച്ച സ്വന്തം വീട്ടിലേക്കുള്ള വഴി പോലെ വ്യക്തം.

പിന്നീടാണ് വില്ലനായ വിശാലിന്റെ അരങ്ങേറ്റം. വില്ലനാകുമ്പോള്‍ അതും വിശാലിനെ പോലൊരു ഹീറോ ആകുമ്പോള്‍ കൂടെ അതിസുന്ദരിയായ ഒരു നടിയും നിര്‍ബന്ധമാണല്ലോ, ആ വിടവ് നികത്താനായി മാത്രമാണ് ഹന്‍സികയുടെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് തോന്നും.
പക്ഷെ മോശം പറയരുതല്ലോ തന്റെ റോള്‍ ലഭിച്ച സ്‌ക്രീന്‍ ടൈമില്‍ മികവുറ്റതാക്കാന്‍ വിശാലിന് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ കേരള പൊലീസിനെ കുടുക്കിക്കളഞ്ഞ ആര്‍ക്കും പിടുത്തം കൊടുക്കാത്ത ക്രിമിനലിന് പകുതിയാകുമ്പോഴേക്കും വീര്യം ചോര്‍ന്നു പോകുന്നുണ്ട്.

പക്ഷെ അത് വിശാലിന്റെ പ്രകടനം കൊണ്ടല്ല തിരക്കഥയിലെ മുറുക്കമില്ലാത്തതു കൊണ്ടാണ്. ഒടുവില്‍ ക്ലൈമാക്‌സ് എത്തുമ്പോഴേക്കും തന്റെ പ്രകടനം കൊണ്ട് വിശാലത്  തിരിച്ചു പിടിക്കുന്നു.
കീഴുദ്യോഗസ്ഥരായി എത്തുന്ന ചെമ്പന്‍ വിനോദും രഞ്ജീ പണിക്കരുമെല്ലാം പതിവുപോലെ സൂപ്പര്‍ പൊലീസിന്റെ അതിലും സൂപ്പറായ ഭൂതകാലത്തെ കുറിച്ച് പൊക്കി പറയുക എന്ന കര്‍ത്തവ്യം ഭംഗിയായി ചെയ്യുന്നുണ്ട്. ഡി.ജി.പിയായെത്തിയ സിദ്ധീഖും അത് ഭംഗിയാക്കി. അവിടിവിടെയായി വന്നു പോകുന്ന അജു വര്‍ഗ്ഗീസും ഇടവേള ബാബുവും റാഷി ഖന്നയുമെല്ലാം ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ സ്ഥിരം ചേരുവകള്‍ മാത്രമാണ്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത് മഞ്ജുവാര്യരാണ്. നായകന്‍ മോഹന്‍ലാല്‍ ആകുമ്പോള്‍ നായികയും അത്രയും താരമൂല്യമുള്ളയാളകണം എന്ന നിര്‍ബന്ധ ബുദ്ധി മാത്രമാണ് മഞ്ജുവിന്റെ കാസ്റ്റിംഗിന് പിന്നില്‍. മഞ്ജുവിലെ താരമോ നടിയോ വില്ലനിലില്ല. സൂപ്പര്‍ നായകനും സൂപ്പര്‍ വില്ലനും നിഴലുകളായ പങ്കാളികള്‍ ഉണ്ടാകുന്നത് സ്വാഭാവികം.

കെട്ടിലും മട്ടിലുമെല്ലാം ഗ്രാന്റ് മാസ്റ്ററിലെ ചന്ദ്രയെ ഓര്‍മ്മിപ്പിക്കുന്ന മാത്യൂ മാഞ്ഞൂരാന്‍ താടിയില്‍ മാത്രമാണ് വ്യത്യസ്തന്‍. പതിവു പോലെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ബാസിട്ട് സംസാരിക്കുന്ന, ഫിലോസഫിയടിക്കുന്ന കണ്ടു മടുത്ത പൊലീസ് കഥാപാത്രം.

അപ്പോഴും മോഹന്‍ലാലിലെ നടന്‍ തൃപ്തിപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല ക്ലൈമാക്‌സ് അടുക്കുന്നിടത്തെ പ്രകടനം മോഹന്‍ലാലെന്ന താരത്തിനുള്ളില്‍ ഇന്നും ഉറങ്ങി കിടക്കുന്ന പ്രതിനായകനെ ഓര്‍മ്മപ്പെടുത്തുന്നു. മെല്ലപ്പോക്കന്‍ തിരക്കഥയെ അല്‍പ്പമെങ്കിലും രസമുള്ളതാക്കിയത് ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവുമാണ്. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങളും മികച്ചതായിരുന്നു. മോഹന്‍ലാലും വിശാലും  അധ്വാനിച്ചതിന്റെ ഫലം കാണാനുണ്ട്.

ക്ലാസും ത്രില്ലുമില്ലാത്ത ത്രില്ലറാണ് വില്ലന്‍. ബി.ഉണ്ണികൃഷ്ണന്റെ മോശം സംവിധാനത്തേയും ചിത്രത്തിന് ഒരു ഗുണവും ചെയ്യാത്ത സാങ്കേതിക വിദ്യയേയും മോഹന്‍ലാലെന്ന നടനേയും താരത്തേയും കൊണ്ട് മറികടക്കാന്‍ നടത്തിയ  ശ്രമമാണ് വില്ലന്‍. തന്റെ മുന്‍ കാല സീരിയലുകളുടെ ലോകത്തു നിന്നും പുറത്തു വരാന്‍ ഉണ്ണികൃഷ്ണന് സാധിച്ചിട്ടുമില്ല. ആകെ മൊത്തം ഒരു ദുരന്ത നായകനാണ് വില്ലന്‍.

Advertisement