ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍
Kerala
ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2013, 8:56 pm

[] തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളെ സംബന്ധിക്കുന്ന  വിവരങ്ങള്‍ മുഴുവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിട്ടു.

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ  ആവശ്യപ്രകാരമാണ് പ്രസ്തുത നടപടി. 2005 ലെ വിവരാവകാശ നിയമപ്രകാരം പൊതു അധികാര സ്ഥാപനങ്ങളെല്ലാം തങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട.

എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്തുകളും തങ്ങളുടെ മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഇക്കാര്യം പരാമര്‍ശിച്ച് മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു ഡയറക്ടറുടെ ഉത്തരവ്.

ഉത്തരവ് പ്രകാരം പഞ്ചായത്തിലെ ദൈനംദിന നടപടികളിലെ പത്ത് കാര്യങ്ങള്‍, പഞ്ചായത്ത് ജിവനക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍, ബജറ്റ് വിഹിതവും വിതരണവും, ധനസഹായം-സബ്‌സിഡി എന്നിവ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍, പഞ്ചായത്തുകള്‍ക്ക് കീഴിലെ കരിങ്കല്‍ ക്വാറികളെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.