രണ്ടരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രാവിഷ്‌കാരമൊരുക്കിയത് ജയന്‍ നമ്പ്യാരാണ്. സമ്മിശ്ര പ്രതികരണമാണ് വിലായത്ത് ബുദ്ധക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജും ഷമ്മി തിലകനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ പ്രൊമോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡബിള്‍ ട്രെബിള്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനം മാജിക് ഫ്രെയിംസ് മ്യൂസിക്കിന്റെ ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെ പ്രധാനമായും ഫോക്കസ് ചെയ്തുകൊണ്ടുള്ള ഗാനം ഒരുക്കിയത് ജേക്‌സ് ബിജോയ്‌യാണ്.
ജേക്‌സ് ബിജോയ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ പ്രൊമോ സോങ് ചിത്രീകരിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി പ്രൊമോ സോങ് പുറത്തുവിടുന്ന ട്രെന്‍ഡ് ഈ പാട്ടിലൂടെ വിലായത്ത് ബുദ്ധയും പിന്തുടരുകയാണ്.
മോഹന്‍ലാല്‍ നായകനായ തുടരും ആണ് ഇത്തരമൊരു ട്രെന്‍ഡ് മലയാളത്തില്‍ പരിചയപ്പെടുത്തിയത്. ജേക്‌സ് ബിജോയ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംഗീതം. 100 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെ ‘കൊണ്ടാട്ടം’ എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. എം.ജി. ശ്രീകുമാര്‍ ആലപിച്ച ഗാനത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമായിരുന്നു.
അതേ ശൈലിയില്‍ തന്നെയാണ് ജേക്‌സ് ഡബിള്‍ ട്രെബിള്‍ ഒരുക്കിയത്. ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെ പരമാവധി ബൂസ്റ്റ് ചെയ്തുകൊണ്ട് ഒരുക്കിയ ഗാനത്തില്‍ നായികയായ പ്രിയംവദ കൃഷ്ണനും പ്രത്യക്ഷപ്പെടുന്നുണ്ട്. റിലീസിന് മുമ്പ് ഈ പാട്ട് പുറത്തുവിട്ടിരുന്നെങ്കില്‍ കുറച്ചധികം ഹൈപ്പ് ലഭിച്ചേനെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മറയൂരിന്റെ പശ്ചാത്തലത്തില്‍ രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഈഗോ ക്ലാഷാണ് വിലായത്ത് ബുദ്ധയുടെ കഥ. ഭാസ്‌കരന്‍ എന്ന രാഷ്ട്രീയക്കാരനും മോഹനന്‍ എന്ന ചന്ദനക്കടത്തുകാരനും ഒരു ചന്ദനമരത്തിന് വേണ്ടി നടത്തുന്ന പോരാട്ടം തരക്കേടില്ലാത്ത തരത്തില്‍ ജയന്‍ നമ്പ്യാര്‍ സ്‌ക്രീനില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകപ്രതികരണം. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ളത് ചിത്രത്തിന്റെ പോരായ്മയായി പലരും ചൂണ്ടിക്കാണിക്കുന്നു.
Content Highlight: Vilayath Budha promo song out now