മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം വിലായത്ത് ബുദ്ധ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കുന്നില്ല. ഈഗോ ക്ലാഷ് പ്രധാന പ്രമേയമായെത്തിയ ചിത്രത്തിന്റെ ദൈര്‍ഘ്യം വലിയൊരു നെഗറ്റീവായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇതേത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്ത് ദൈര്‍ഘ്യം കുറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. കട്ട് ചെയ്ത പുതിയ പതിപ്പ് ഈയാഴ്ച തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഇതാദ്യമായല്ല പൃഥ്വിരാജിന്റെ ഒരു ചിത്രം തിയേറ്റര്‍ റിലീസിന് ശേഷം റീ എഡിറ്റ് ചെയ്യുന്നത്. സിനിമാപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഇത് ചര്‍ച്ചയായിരിക്കുകയാണ്.
ഷാഫി സംവിധാനം ചെയ്ത ലോലിപ്പോപ്പ് എന്ന ചിത്രമാണ് ഇത്തരത്തില്‍ റീ എഡിറ്റ് ട്രെന്‍ഡ് ആരംഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന് ആദ്യദിനം വന്‍ കൂവലായിരുന്നു. സിനിമയുടെ തുടക്കത്തില്‍ കഥ പറഞ്ഞുകൊണ്ടിരുന്ന ജയസൂര്യയുടെ കഥാപാത്രം പ്രേതമാണെന്ന് അവസാനം വെളിപ്പെടുത്തുന്ന ക്ലൈമാക്‌സ് സിനിമയെ സാരമായി ബാധിച്ചു. ക്ലൈമാക്‌സ് മാറ്റി പ്രദര്‍ശിപ്പിച്ചെങ്കിലും ചിത്രത്തെ രക്ഷപ്പെടുത്താന്‍ ആ നീക്കത്തിന് സാധിച്ചില്ല.
2022ല്‍ റിലീസായ കടുവയിലും റിലീസിന് ശേഷം കത്രിക വെക്കേണ്ടി വന്നിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഈയൊരു ഡയലോഗ് മാത്രം മ്യൂട്ട് ചെയ്ത പുതിയ പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ചു. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയമായിരുന്നു കടുവ സ്വന്തമാക്കിയത്.
ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ എമ്പുരാനും റിലീസിന് ശേഷം വീണ്ടും എഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിജയമായി മാറിയ എമ്പുരാനെതിരെ ആദ്യദിനം തന്നെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് വരച്ചുകാട്ടുന്ന എമ്പുരാന്‍ തിയേറ്ററിലെത്തിയതിന് പിന്നാലെ പൃഥ്വിക്കെതിരെ വലിയ സൈബര്‍ അറ്റാക്ക് നടന്നിരുന്നു.
ഒടുവില്‍ നിര്‍മാതാക്കള്‍ ഇടപെട്ട് ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിക്കുകയും നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ എമ്പുരാന്‍ 270 കോടിയാളമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇപ്പോഴിതാ വിലായത്ത് ബുദ്ധയും മറ്റ് സിനിമകളുടെ പാതയിലൂടെ സഞ്ചരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ കിതക്കുന്ന വിലായത്ത് ബുദ്ധയെ റീ എഡിറ്റഡ് പതിപ്പ് രക്ഷപ്പെടുത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Vilayath Budha going to re edit due to over duration