വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും
Kerala
വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2025, 10:19 pm

തിരുവനന്തപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കും. റവന്യൂ മന്ത്രി കെ. രാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച് അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ഉപജീവന നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ ദുരന്തമേഖലയിലെ താമസ യോഗ്യമായ പ്രദേശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ്സ്ലൈഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

കൂടാതെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന റോഡ്, പാലങ്ങള്‍ എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായും യോഗം അറിയിച്ചു. ഇതിന് വേണ്ടിയുള്ള ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്നും റവന്യൂ വകുപ്പിന്റെ അറിയിപ്പുണ്ട്.

നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെകട്ടറി എം.ജി. രാജമാണിക്യം, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ കൗശിഗന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രസ്തുത തീരുമാനങ്ങളുണ്ടായത്.

യോഗത്തിന് പിന്നാലെ ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. മൂന്ന് മാസം കൂടി ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സമാനമായി വിലങ്ങാടും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തിട്ടുണ്ട്. വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകള്‍ക്കുള്ള മൊറോട്ടോറിയം 2026 മാര്‍ച്ച് വരെ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്ക്യാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്. കേരള റവന്യൂ റിക്കവറി ആക്ട് 1968, സെക്ഷന്‍ 83ബി പ്രകാരമാണ് മൊറട്ടോറിയം അനുവദിച്ചത്.

Content Highlight: Livelihood compensation for Vilangad disaster victims to be extended by another nine months