സെയ്ഫിനെ സൈഡാക്കി ഹൃത്വികിന്റെ അഴിഞ്ഞാട്ടം; വിക്രം വേദ ടീസര്‍
Film News
സെയ്ഫിനെ സൈഡാക്കി ഹൃത്വികിന്റെ അഴിഞ്ഞാട്ടം; വിക്രം വേദ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th August 2022, 12:53 pm

ഹൃത്വിക് റോഷന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന വിക്രം വേദയുടെ ടീസര്‍ പുറത്ത്. സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് അതേ പേരില്‍ തന്നെ എടുത്തിരിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച വേദയായി ഹൃത്വിക് റോഷന്‍ എത്തുമ്പോള്‍ മാധവന്‍ അവതരിപ്പിച്ച വിക്രമായി സെയ്ഫ് അലി ഖാന്‍ എത്തുന്നു.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ചിത്രത്തിന്റെ ടീസര്‍ വന്നിരിക്കുന്നത്. ഹൃത്വികിന്റെ പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്. സെയ്ഫിനെ സൈഡാക്കി ഹൃത്വിക്കിന്റെ അഴിഞ്ഞാട്ടമാണ് ടീസര്‍ മുഴുവന്‍.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഋത്വിക് റോഷന്റെ ഒരു സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. 2019 ല്‍ പുറത്തിറങ്ങിയ വാര്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത ഋത്വിക് ചിത്രം.

പുഷ്‌കര്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വിക്രം വേദ നിര്‍മിച്ചിരിക്കുന്നത് വൈനോട്ട് സ്റ്റുഡിയോ, ഫ്രൈഡേ ഫിലിം വര്‍ക്ക്‌സ്, ടി-സീരിസ് ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ കമ്പനികളുടെ ബാനറുകളിലാണ്. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തു.

രാധിക ആപ്‌തേ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരിബ് ഹാഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം തകര്‍ന്നടിയുന്ന ബോളിവുഡിന് വിക്രം വേദ ആശ്വാസമാകുമോയെന്ന് കണ്ടറിയണം. ബോയ്‌കോട്ട് ബോളിവുഡ് ക്യാമ്പെയ്‌നൊപ്പം വമ്പന്‍ സ്റ്റാറുകളുടെ സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയാണ്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ആമിര്‍ ഖാന്റെ ലാല്‍ സിങ് ചദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍, തപ്‌സി പന്നുവിന്റെ ദൊബാര എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Content Highlight: vikram vedha teaser starring hrithik roshan and saif ali khan