കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കവേ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന്റെ സ്വന്തം വിജയരാഘവനായിരുന്നു. പൂക്കാലത്തിലെ നൂറ് വയസുള്ള ഇട്ടൂപ്പിനെ തന്റെ അസാമാന്യ പ്രകടനം കൊണ്ട് ഞെട്ടിച്ച വിജയരാഘവന്‍ തന്റെ ആദ്യ ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂക്കാലം. വിജയരാഘവന് പുറമെ സിനിമയില്‍ കെ.പി.എ.സി. ലീല, അനു ആന്റണി, അരുണ്‍ കുര്യന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഇപ്പോള്‍ പൂക്കാലത്തിലെ നൂറ് വയസുകാരനാകാന്‍ വേണ്ടി താന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് വിജയരാഘവന്‍ പറയുന്നു.മുമ്പ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ഒമ്പത് പത്ത് കിലോ വെയ്റ്റ് കുറച്ചു. നല്ലോണം ക്ഷീണിച്ചു. ക്ഷീണിച്ചു എന്നല്ല തൊലിഞ്ഞു എന്ന് പറയാം. കാഴ്ചയില്‍ സ്‌ക്കിനൊക്കെ ഒന്ന് ലൂസായി. പിന്നെ മേക്കപ്പ് ചെയ്തത് റോണക്‌സാണ്. മൂന്ന് നാല് മണിക്കൂര്‍ വേണമായിരുന്നു മേക്കപ്പ് ചെയ്യാന്‍,’ വിജയരാഘവന്‍ പറയുന്നു.
നാലര മണിക്കൂറോളമാണ് ആദ്യം മേക്കപ്പ് ചെയ്യാന്‍ എടുത്തതെന്നും പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മൂന്നര മണിക്കൂറായി സമയം കുറഞ്ഞെന്നും അദ്ദേഹം പറയുന്നു. മൂന്നരമണിക്കൂറില്‍ കുറഞ്ഞ് മേക്കപ്പ് ചെയ്യാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
‘രാവിലെ ഞാന്‍ ഭക്ഷണം കഴിച്ചാല്‍ പിന്നെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷമേ കാര്യമായിട്ട് എന്തെങ്കിലും കഴിക്കാന്‍ പറ്റുകയുള്ളു. വായൊക്കെ ഒരുപാട് ഓപ്പണാക്കി കഴിഞ്ഞാല്‍ മേക്കപ്പ് പറിഞ്ഞുപോകും. നഖമൊക്കെ വളര്‍ത്തിയിരുന്നു. മൂക്കിലെ രോമമൊക്കെ വളര്‍ത്തി. പുരികം പകുതി വടിച്ചു കളഞ്ഞിരുന്നു,’ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ കട്ട് പറഞ്ഞു കഴിഞ്ഞാല്‍ എന്റെ കയ്യില്‍ നിന്ന് കാര്യക്ടര്‍ പോകുമെന്നും താന്‍ കഥാപാത്രമായി മാറാറൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ കഥാപാത്രത്തെ തന്നിലേക്ക് എത്തിക്കുയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആ കഥാപാത്രത്തിന്റെ അംശങ്ങള്‍ ഞാന്‍ എന്ന കാന്‍വാസിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. സിനിമയില്‍ എന്റെ കൈ്‌ക്കൊരു വിറയലുണ്ട്. അത് ചുമ്മാ ഒന്നും വിറക്കുന്നതല്ല. ഞാന്‍ തന്നെ വിറപ്പിച്ചാലെ വിറയ് ക്കുകയുള്ളു,’വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan talks about the preparations he made to become a 100-year-old man in the movie Pookalam.