അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നമ്മുടെ പടങ്ങൾ അവാർഡിന് അയക്കരുത്; ഇതാണ് സിസ്റ്റമെന്ന് അറിയാമല്ലോ: വിജയരാഘവൻ
Malayalam Cinema
അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നമ്മുടെ പടങ്ങൾ അവാർഡിന് അയക്കരുത്; ഇതാണ് സിസ്റ്റമെന്ന് അറിയാമല്ലോ: വിജയരാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th October 2025, 6:17 pm

അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് വിജയരാഘവൻ. സഹനടനായും വില്ലനായും തിളങ്ങിയ നടന് ഈ കൊല്ലത്തെ ദേശീയ അവാർഡിൽ മികച്ച സഹനടനുള്ള അവാർഡ് തേടിയെത്തിയിരുന്നു.

പൂക്കാലം എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. എന്നാൽ ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടും മികച്ച സഹനടനുള്ള അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

‘അതിലൊരു കാര്യവുമില്ല. രണ്ടോ മൂന്നോ അംഗീകാരം മാത്രമല്ലേ ഉള്ളൂ. പ്രധാന നടൻ, സഹനടൻ, നടി അങ്ങനെയാണ് നമ്മുടെ സിസ്റ്റം. ആ സിസ്റ്റം മാറണമെന്ന് വേണമെങ്കിൽ നമുക്ക് പറയാം. ഒരു പൗരൻ എന്ന നിലയിൽ നമുക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്. പക്ഷേ അങ്ങനെയല്ല ഇവിടുത്തെ കാര്യങ്ങൾ. ഈ സിസ്റ്റമല്ലേ മാറേണ്ടത്.

സംസ്ഥാന അവാർഡ് കിട്ടിയത് സ്വഭാവ നടൻ എന്ന നിലയിലാണ്. കേരളത്തിൽ നല്ല നടനും സ്വഭാവ നടനുമാണ്. ദേശീയ പുരസ്‌കാരം നോക്കിയാൽ മികച്ച രണ്ടാമത്തെ നടനാണ്. അതിൽ നമുക്കൊരു അഭിപ്രായം പറയേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നമ്മുടെ പടങ്ങൾ അവാർഡിന് അയക്കരുത്. ഇതാണ് നമ്മുടെ സിസ്റ്റം എന്നു നമുക്കറിയാമല്ലോ. എങ്കിൽ നമ്മൾ അതിൽ നിന്നും മാറിനിൽക്കുകയാണ് വേണ്ടത്,’ വിജയരാഘവൻ പറയുന്നു.

തിരിഞ്ഞുനോക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ആളാണ് താനെന്നും മുന്നോട്ട് പോകാനാണ് തനിക്ക് ആഗ്രഹമെന്നും വിജയരാഘവൻ പറയുന്നു. ഇന്നലകളെ ആലോചിച്ച് ദുഖിക്കാനോ അനാവശ്യമായി സന്തോഷിക്കാറോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒത്തിരി അനുഭവസമ്പത്തുള്ള ആളാണ് താനെന്നും അതിൽ തെറ്റും ശരിയും കാലം മാറുന്നതിന് അനുസരിച്ച് താൻ സ്വീകരിക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Content  Highlight: Vijayaraghavan Talking about National Awards and Films