നിവിന്‍ പോളിയുടെ ആ വലിയ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല; ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്: വിജയരാഘവന്‍
Entertainment news
നിവിന്‍ പോളിയുടെ ആ വലിയ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല; ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 12:19 am

രാജീവ് രവിയുടെ സംവിധാനത്തില്‍ നാടകാചാര്യനും സിനിമാ നടനുമായ എന്‍.എന്‍ പിള്ളയുടെ ജീവിതകഥ സിനിമയാകാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. നിവിന്‍ പോളിയായിരിക്കും ചിത്രത്തിലെ നായകനായെത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2017ലായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്.

എന്നാല്‍ പിന്നീട് സിനിമയെ സംബന്ധിച്ച അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് അറിയിച്ചിരിക്കുകയാണ് എന്‍.എന്‍ പിള്ളയുടെ മകനും നടനുമായ വിജയരാഘവന്‍. അത് വലിയൊരു പ്രൊജക്ടാണെന്നും അതുകൊണ്ട് തന്നെ സമയം ആവശ്യമാണെന്നും ആ പദ്ധതി ഇതുവരെയും ഉപേഷിച്ചിട്ടില്ലെന്നും വിജയരാഘവന്‍ ഫിലിം എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.

‘അത് വലിയ പ്രോജക്ട് ആണ്. അതിനാല്‍ തന്നെ ഏറെ ഒരുക്കങ്ങള്‍ ആവശ്യമാണ്. അവര്‍ക്ക് ഐ.എന്‍.എയിലെ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) അദ്ദേഹത്തിന്റെ ജീവിതം ആ സിനിമയില്‍ കാണിക്കണം. അതുകൊണ്ട് തന്നെ ലോകമഹായുദ്ധങ്ങള്‍ കവര്‍ ചെയ്യണം. അത് വളരെ ചിലവേറിയ പദ്ധതിയാണ്. അതുകൊണ്ട് തന്നെ കാലതാമസം ഉണ്ട്.

പദ്ധതി ഇപ്പോഴും സജീവമാണ് പക്ഷേ ഇപ്പോഴും കാര്യങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. സിനിമ ഉടന്‍ തന്നെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വിജയരാഘവന്‍ പറഞ്ഞു.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോപന്‍ ചിദംബരമാണ്. മധു നീലകണ്ഠന്‍ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാടകകൃത്ത്, നടന്‍, നാടക സംവിധായകന്‍, ഐ.എന്‍.എ സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഞ്ഞൂറാന്‍ എന്ന കഥാപാത്രം ഇന്നും മലയാള സിനിമാപ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്.

അതേസമയം നിവിന്‍ പോളിയെ നായകനാക്കി മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ തുറമുഖമാണ് രാജീവ് രവിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് തിയേറ്ററില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: vijayaraghavan about biopic of nn pillai