വിരുദുനഗറില്‍ സ്ഥാനാര്‍ത്ഥിയായി വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍; എതിരെ ബി.ജെ.പിയുടെ രാധിക
national news
വിരുദുനഗറില്‍ സ്ഥാനാര്‍ത്ഥിയായി വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍; എതിരെ ബി.ജെ.പിയുടെ രാധിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 6:57 pm

ചെന്നൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിരുദുനഗറില്‍ ഡി.എം.ഡി.കെ (ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകം) സ്ഥാനാര്‍ത്ഥിയായി വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബുധനാഴ്ച വിജയ പ്രഭാകരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.എഡി.എം.കെ (ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)യുമായുള്ള സഖ്യത്തില്‍ തുടരുമെന്നും സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രേമലത വിജയകാന്ത് നേരത്തെ പറഞ്ഞിരുന്നു.

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഡി.എം.ഡി.കെ പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രലില്‍ ബി. പാര്‍ത്ഥസാരഥി, തിരുവള്ളൂരില്‍ കെ. നല്ല തമ്പി, കടലൂരില്‍ പി. ശിവക്കൊഴുണ്ടു, തഞ്ചാവൂരില്‍ പി. ശിവനേശന്‍ എന്നിവരാണ് ഡി.എം.ഡി.കെയുടെ സ്ഥാനാര്‍ത്ഥികള്‍.

അതേസമയം വിരുദുനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് നടി രാധിക ശരത് കുമാര്‍ ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാധിക മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡി.എം.കെ സ്ഥാനാര്‍ത്ഥി കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ ആദ്യം പരിഗണിച്ചിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ശരത് കുമാറിന്റെ പാര്‍ട്ടി ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ തീരുമാനം രാജ്യത്തിന്റെ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്ന് ലയനത്തില്‍ ശരത് കുമാര്‍ പറഞ്ഞു.

Content Highlight: Vijayakanth’s son Vijaya Prabhakaran has become DMDK’s candidate in Virudhunagar