ഒരു ഗായകന്‍ എന്ന നിലയില്‍ ആ രണ്ടു ഗാനങ്ങളാണ് എന്റെ ആദ്യ ചവിട്ടുപടി: വിജയ് യേശുദാസ്
Malayalam Cinema
ഒരു ഗായകന്‍ എന്ന നിലയില്‍ ആ രണ്ടു ഗാനങ്ങളാണ് എന്റെ ആദ്യ ചവിട്ടുപടി: വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 7:40 pm

ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനാണ് ഗായകന്‍ വിജയ് യേശുദാസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം സിനിമയിലെ ‘കോലക്കുഴല്‍ വിളി കേട്ടോ’എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ചലച്ചിത്ര പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

വിജയ് യേശുദാസ് Photo: Vijay Yeshudas/ Fb.com

‘ഈ പുഴയും സന്ധ്യകളും, മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍’ എന്നീ ഗാനങ്ങളാണ് തന്നിലെ ഗായകന്റെ ആദ്യ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ട് ഗാനങ്ങളിലൂടെ താനൊരു പക്വതയുള്ള ഗായകനായി മാറി എന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു. എഫ്. ടി. ക്യൂ. വിത്ത് രേഖ മേനോന്‍ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലെ ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനവും, സ്പിരിറ്റ് മൂവിയിലെ ‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍’ എന്ന ഗാനങ്ങളാണ് എന്നിലെ ഗായകന്റെ ആദ്യ വളര്‍ച്ചയ്ക്കുള്ള കാരണം. ഒരു ഗായകന്‍ എന്ന നിലയില്‍ ഈ ഗാനങ്ങള്‍ എന്റെ കരിയറില്‍ വലിയ ഒരു മാറ്റം സൃഷ്ടിച്ചു. എന്നിലെ പക്വതയുള്ള ഗായകനെ ഈ രണ്ട് പാട്ടിലൂടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്,’വിജയ് യേശുദാസ് പറഞ്ഞു.

ഇമോഷണല്‍ ഗാനങ്ങള്‍ എല്ലാം തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് മനസിലായത് ഈ രണ്ട് ഗാനങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇമോഷണല്‍ ഗാനങ്ങള്‍ മലയാളം സിനിമയില്‍ പാടുന്ന പോലെയല്ല മറ്റുഭാഷകളില്‍ പാടേണ്ടതെന്നും വിജയ് പറഞ്ഞു. മറ്റുഭാഷകളില്‍ ഒരു പാട്ട് പാടുമ്പോള്‍ ഇമോഷന്‍ കൂടുതല്‍ വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം എല്ലാതരം ഗാനങ്ങളും പാടാന്‍ കഴിയണം എന്ന് വിജയ് പറഞ്ഞു.

ഈ നീണ്ട വര്‍ഷ കാലത്തിനിടയില്‍ ആയിരത്തിലധികം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ ചലച്ചിത്ര ഗാനങ്ങള്‍ വിജയ് ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 2007 ല്‍ സത്യന്‍ മെമ്മോറിയല്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlight:  Vijay Yesudas on the songs that helped him grow in his career