വെട്രിമാരന്‍ ചിത്രം 'അരസനി'ല്‍ മക്കള്‍ സെല്‍വനും; വിടുതലൈക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
Indian Cinema
വെട്രിമാരന്‍ ചിത്രം 'അരസനി'ല്‍ മക്കള്‍ സെല്‍വനും; വിടുതലൈക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 11:45 am

അനൗണ്‍സ്മെന്റ് മുതല്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്‍ അണിയിച്ചൊരുക്കുന്ന അരസന്‍. ടി. ആര്‍ സിലംബരസന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ജോയിന്‍ ചെയ്തുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വടചെന്നൈ 2വിന് മുമ്പായി അതേ യൂണിവേഴ്‌സില്‍ മറ്റൊരു ചിത്രമെന്ന നിലയിലാണ് അരസന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി കുറച്ച് മുമ്പ് വന്ന സിലംബരസന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ചിത്രത്തിലേക്ക് വിജയ് സേതുപതി ജോയിന് ചെയ്തുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്. അരസനില്‍ സേതുപതി ഒരു നിര്‍ണായക വേഷത്തില്‍ എത്തുമെന്നാണ് പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. വിജയ് സേതുപതിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഈ വിവരം പുറത്ത് വിട്ടത്.

വെട്രിമാരന്‍ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ എത്തിയതിന്റെ ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. ‘വിടുതലൈ’ എന്ന സിനിമയില്‍ വെട്രിമാരനും സേതുപതിയും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയില്‍ ചിമ്പുവും സേതുപതിയും സ്‌ക്രീന്‍ സ്പേസ് പങ്കിട്ടിരുന്നു.

വട ചെന്നൈയിലെ മറ്റ് താരങ്ങളായ സമുദ്രക്കനി, കിഷോര്‍ തുടങ്ങിയ താരങ്ങള്‍ അരസനിലും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നായികയായി ആന്‍ഡ്രിയുടെയും സാമന്തയുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വടചെന്നൈ 2വിന് മുമ്പ് വെട്രിമാരന്‍ ഒരുക്കുന്ന സാമ്പിള്‍ വെടിക്കെട്ടായിട്ടാണ് അരസനെ കണക്കാക്കുന്നത്. അനിരുദ്ധാണ് സിനിമക്ക് സംഗീതം നല്‍കുന്നത്.

Content highlight: Vijay stesupathi has joined Vetrimaaran in the movie Arasan