വിജയ് സേതുപതിയും നിത്യ മേനനും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രമാണ് തലവന്‍ തലൈവി. പാണ്ടിരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും. റൊമാന്റിക് കോമഡി ഴോണറിലൊരുങ്ങുന്ന തലവന്‍ തലൈവിയുടെ ഓരോ അപ്‌ഡേഷനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോള്‍ നിത്യ മേനനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന തമിഴ് സിനിമയാണ് ഇതെന്നും എന്നാല്‍ മലയാളത്തില്‍ ഇതിന് മുമ്പ് ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.
കുറേനാളായി താന്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടിയാണ് നിത്യയെന്നും കഥാപാത്രത്തെ ആഴത്തില്‍ പഠിച്ചാണ് അവര്‍ അഭിനയിക്കാന്‍ വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലൈവന്‍ തലൈവി സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘ഞാനും നിത്യയും ഒന്നിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് തലൈവന്‍ തലൈവി. എന്നാല്‍ നിത്യ അഭിനയിച്ച 19(1)(എ) എന്ന മലയാള സിനിമയില്‍ ഞാന്‍ ഗസ്റ്റ് റോളില്‍എത്തിയിരുന്നു. ആ സിനിമയുടെ സംവിധായിക ഇന്ദു എന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അത് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ പോയി അഭിനയിച്ചത്. അവിടെ എത്തിയപ്പോഴാണ് നിത്യ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞത്.
അതിന് ശേഷം നിത്യയുടെ കൂടെ ഇതുപോലെ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. കുറേ നാളായി നിത്യയുടെ കൂടെ ഒരു സിനിമ ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയിലൂടെ അത് നടന്നു. സിനിമ കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും ഈ കഥാപാത്രം നിത്യ അല്ലാതെ മറ്റൊരാള്‍ ചെയ്ത ശരിയാകില്ലെന്ന്. ഈ സിനിമ മാത്രമല്ല, നിത്യ അഭിനയിച്ച എല്ലാ സിനിമകളും അങ്ങനെ ആണെന്നാണ് ഞാന്‍ കരുതുന്നത്.
വെറുതെ വന്ന് സംവിധായകന്‍ പറയുന്നത് ചെയ്തുപോകുന്ന ഒരാളല്ല നിത്യ. കഥാപാത്രത്തെ മൊത്തമായും മനസിലാക്കി അതിന് വേണ്ടി ഒരുപാട് ഹോം വര്‍ക്കുകള്‍ ഒക്കെ ചെയ്തിട്ടാണ് അവള്‍ സെറ്റിലേക്ക് വരുന്നത്. നിത്യയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ വിജയ് സേതുപതി പറയുന്നു.