മക്കള്‍ സെല്‍വന്റെ 'മാര്‍ക്കോണി മത്തായി'; വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Malayalam Cinema
മക്കള്‍ സെല്‍വന്റെ 'മാര്‍ക്കോണി മത്തായി'; വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2019, 9:27 pm

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ‘മാര്‍ക്കോണി മത്തായി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യമായി പോസ്റ്റര്‍ പുറത്തുവിട്ടത്. പിന്നീട് വിജയ് സേതുപതിയും തന്റെ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

വിജയ് സേതുപതിക്കൊപ്പം ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത കൂടി മാര്‍ക്കോണി മത്തായിക്കുണ്ട്.

ജയറാമും വിജയ് സേതുപതിയും തുല്യ പ്രധാനമുളള കഥാപാത്രങ്ങളായാണ് മാര്‍ക്കോണി മത്തായിയില്‍ എത്തുന്നത്. സനില്‍ കളത്തില്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ നടി ആത്മീയയാണ് നായിക. തിരക്കഥയും സംഭാഷണവും സനില്‍ കളത്തിലും രജീഷ് മിഥിലയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന സിനിമ കൂടിയാണ് മാര്‍ക്കോണി മത്തായി. സത്യത്തിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.

സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കലാഭവന്‍ പ്രജോദ്, ജോയ് മാത്യു, ടിനി ടോം, നരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവര്‍ ഇതില്‍ അണിനിരക്കുന്നുണ്ട്.

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. കലാസംവിധാനം സാലു കെ. ജോര്‍ജാണ്.