വിക്രം വേദയിൽ അഭിനയിക്കാനുള്ള ധൈര്യം തന്നത് വിജയ് സേതുപതി; കതിർ
Malayalam Cinema
വിക്രം വേദയിൽ അഭിനയിക്കാനുള്ള ധൈര്യം തന്നത് വിജയ് സേതുപതി; കതിർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 9:59 am

തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് കതിർ. മധയാനൈ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടൻ പിന്നീട് കിരുമി, എന്നോടു വിളയാട്, വിക്രം വേദ, സിഗായി, ശത്രു, സർബത്ത്, അക്ക കുരുവി, യുഗി എന്നിങ്ങനെ നിരവധി സിനിമകളിൽ ഭാഗമായി.

എന്നാൽ മാരീ സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് കതിർ ശ്രദ്ധേയനാകുന്നത്. എം.സി ജോസഫിന്റെ സംവിധാനത്തിൽ വരുന്ന മീശ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറി. ഇപ്പോൾ സിനിമയിലെത്തിയതിനെക്കുറിച്ചും  വിജയ് സേതുപതിയെക്കുറിച്ചും സംസാരിക്കുകയാണ് കതിർ.

‘സിനിമാപശ്ചാത്തലമൊന്നുമില്ലാതെയാണ് ഞാൻ അഭിനയിക്കാനെത്തിയത്. കോളേജ് പഠനകാലം വരെ ഒരു സ്റ്റേജ് പെർഫോമൻസ് പോലും ചെയ്തിരുന്നില്ല. മെല്ലെ സിനിമയിലേക്കെത്തി. ചിലതെല്ലാം പ്രേക്ഷകർക്കിഷ്ടമായി. ഓരോ സിനിമയും പാഠമായിരുന്നു. സീനിയർ അഭിനേതാക്കൾ, സംവിധായകർ, അവരിൽ നിന്നെല്ലാം പുതിയതെന്തെങ്കിലും പഠിക്കാൻ ശ്രമിക്കാറുണ്ട്. ആരെയും മാതൃകയാക്കാൻ ആഗ്രഹമില്ല. എന്റെതായി ഒരു രീതി ഉണ്ടാക്കിയെടുക്കാനാണ് ശ്രമം,’ കതിർ പറയുന്നു.

തന്റെ രണ്ടാമത്തെ സിനിമയായ കിരുമി മുതൽ വിജയ് സേതുപതിയെ അറിയാമെന്നും വിക്രം വേദയിലേക്ക് ഓഫർ വന്നപ്പോൾ ആദ്യം വിളിച്ചത് അദ്ദേഹത്തെയാണെന്നും കതിർ പറയുന്നു.

തീർത്തും വ്യത്യസ്തമായ സിനിമയായിരിക്കും വിക്രം വേദ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അഭിനയിക്കാനുള്ള ധൈര്യം തന്നത് വിജയ് സേതുപതി ആണെന്നും കതിർ കൂട്ടിച്ചേർത്തു. വിജയ് സേതുപതിയുടെ അനിയന്റെ വേഷമായിരുന്നു സിനിമയിലെന്നും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ പ്രൈം വീഡിയോയിലെ സൂഴൽ എന്ന വെബ്സീരിസ് തന്റെ കരിയറിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും ക്രൈം-ഇൻവെസ്റ്റിഗേഷൻ ഴോണറായിരുന്നു അതെന്നും കതിർ പറയുന്നു.

സിനിമയിൽനിന്ന് തീർത്തും വ്യത്യസ്തമാണ് വെബ് സീരീസുകളെന്നും വെബ് സീരിസിൽ കുറച്ചുകൂടി സമയം ലഭിക്കുമെന്ന് പറഞ്ഞ കതിർ, കഥാപാത്രം എത്രത്തോളം മെച്ചപ്പെടുത്താമോ അതിനുള്ള അവസരം കൂടുതലായിരിക്കും വെബ്‌സീരിസിൽ എന്നും കൂട്ടിച്ചേർത്തു.

Content Highlight: Vijay Sethupathi gave me the courage to act in Vikram Vedha: Kathir