വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഫീനിക്‌സ്. പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീമിയറിൽ ആരാധകരോട് സംസാരിക്കുന്ന സൂര്യ, ച്യൂയിങ് ഗം ചവക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഒരു സിനിമയില്‍ നായകനായി എത്തിയപ്പോഴേക്കും സൂര്യക്ക് അഹങ്കാരമെന്ന് രീതിയിലാണ് വീഡിയോ ട്രോള്‍ ചെയ്യപ്പെട്ടിരുന്നത്.
ഇപ്പോള്‍ ഈ വിഷയത്തില്‍ ക്ഷമ ചോദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് വിജയ് സേതുപതി. മകന്റെ പ്രകൃത്തി മനപൂര്‍വമല്ലെന്നും അറിയാതെ ചെയ്തതാകാമെന്നും ആര്‍ക്കെങ്കിലും വേദന ഉണ്ടാകുകയോ തെറ്റിദ്ധാരണ വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് വിജയ് സേതുപതി പറഞ്ഞു.
‘മകന്റെ പ്രവൃത്തി മനപൂര്‍വമല്ല. അത് അറിയാതെ ചെയ്തതാകാം. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലോ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ വിജയ് സേതുപതി പറയുന്നു.
അതേസമയം, ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് സൂര്യയുടെ വാക്കുകള്‍ വിവാദമായിരുന്നു. തനിക്ക് ദിവസവും 500 രൂപ മാത്രമായിരുന്നു പോക്കറ്റ് മണി തന്നിരുന്നതെന്നും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.