Varisu Review | 'പാസം' കുമിഞ്ഞു കൂടാത്ത ഒരു കുടുംബ ചിത്രം | ANNA'S VIEW
അന്ന കീർത്തി ജോർജ്

വിജയ്‌യുടെ മുന്‍ പടങ്ങളില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നായക കഥാപാത്രം പരാജയം ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ വാരിസിലെ വിജയ് ഒരു ഘട്ടത്തിലും തോല്‍വിയറിയുന്നില്ല. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളും അവര്‍ മനസില്‍ കാണുന്ന സമയത്ത് മാനത്ത് കണ്ട് പദ്ധതികള്‍ നടപ്പാക്കുന്നയാളാണ് വിജയ്. ഫണ്ണിയായ, മാസായ ഒരു ഒമിനിസൈന്റ്(ominiscient) മനുഷ്യനും ബിസിനസ്മാനുമാണ് വാരിസിലെ വിജയ് രാജേന്ദ്രന്‍.

വിജയ് എന്ന നടന്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഇനി എങ്ങനെയാണോ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ ഒരു സാമ്പിള്‍ ഡോസായി വാരിസിനെ കാണാം. ആക്ഷനും ഡാന്‍സും പാട്ടുകളും ചിത്രത്തില്‍ പതിവുപോലെയുണ്ട്. എന്നാല്‍ വലിയ വില്ലന്മാരില്ലാതെ, ഒരു കുടുംബവും വൈകാരികമായ തലങ്ങളുമാണ് ഇവിടെ നിറയുന്നത്.

കുടുംബ പ്രേക്ഷകരെ ഫോക്കസ് ചെയ്തുകൊണ്ട്, എന്നാല്‍ തന്റെ നിലവിലെ തന്റെ ഫാന്‍ബേസിന് ഇഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്ന പാറ്റേണുകളില്‍ നിന്നും മാറാതെയുള്ള ഒരു റൂട്ടാണ് ഒരുപക്ഷെ താരം ഇനി മുതല്‍ തെരഞ്ഞെടുക്കുക. സ്വന്തം ഗ്രാമവും സംസ്ഥാനവും രാജ്യവും ലോകവുമെല്ലാം രക്ഷിച്ച് മടുത്തവിജയ് ഒരുപക്ഷെ ഇനി കുടുംബത്തെ രക്ഷിച്ചേക്കാമെന്ന് തീരുമാനിച്ചതുമായിരിക്കാം.

വാരിസില്‍ ഇഷ്ടപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് ആദ്യം പറയാം. വാരിസിന്റെ ട്രെയ്‌ലര്‍ സ്ഥിരം വിജയ് ഫോര്‍മുല മാത്രമായിരിക്കും ഈ ചിത്രമെന്ന സൂചനകളായിരുന്നു നല്‍കിയത്. നേരത്തെ വിജയിച്ച ആ ഫോര്‍മുലകള്‍ വെച്ച് നല്ലൊരു മാസ് എന്റര്‍ടെയ്‌നര്‍ നല്‍കാനാകുമെന്ന വലിയ പ്രതീക്ഷയും ഈ ട്രെയ്‌ലര്‍ നല്‍കിയിരുന്നില്ല. കുടുംബമഹിമയും നന്മയും ‘പാസത്തിന്റെ’ വിവിധ വകഭേദങ്ങളുമായിരിക്കും വാരിസെന്നും തോന്നിയിരുന്നു.

എന്നാല്‍, ഈ മുന്‍വിധികളെ മാറ്റിമറിക്കുന്ന സ്‌റ്റോറിലൈനായിരുന്നു സിനിമയില്‍ ആദ്യം മുതലേ ഉണ്ടായിരുന്നത്. കുടുംബത്തോടുള്ള ഒടുങ്ങാത്ത പാസവും, അപ്പാക്ക് വേണ്ടി നില്‍ക്കുന്ന മകനും, അണ്ണാവുക്ക് ഒപ്പം നില്‍ക്കുന്ന തമ്പിയും, തങ്കച്ചി പാസവും ഇല്ലാത്ത ഒരു കഥ. ആദ്യ ഭാഗങ്ങളിലെ കഥാപാത്രസൃഷ്ടിയിലും ഈ പുതുമ കാണാമായിരുന്നു.

വിജയ് അടക്കം ചിത്രത്തിലെ ഒരു പുരുഷ കഥാപാത്രവും നന്മമരമല്ല, ഒരുവിധം എല്ലാവരും സ്വാര്‍ത്ഥരും സ്വന്തമായ ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും പൂര്‍ണമായും ഈവിള്‍ മൈന്റഡായ വില്ലന്മാരുമല്ല. എല്ലാവരുടെയും പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ കാരണവും പശ്ചാത്തലവും നിസഹായവസ്ഥയുമുണ്ട്. ഇത്തരത്തില്‍ സാധാരണ ബ്ലാക്ക് ആന്റ് വൈറ്റ് കോളങ്ങളില്‍ നിന്നും തെന്നിമാറി കഥാപാത്രങ്ങളെ ഗ്രേ ഷേഡില്‍ അവതരിപ്പിച്ചത് ഇന്‍ട്രസ്റ്റിങ്ങായിരുന്നു.

സിനിമയിലെ അടുത്ത പോസിറ്റീവ് ഘടകം യോഗി ബാബുവാണ്. നടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഓരോ ഡയലോഗും സിനിമയില്‍ ഓണ്‍ പോയിന്റായിരുന്നു. വിജയ്‌യും യോഗി ബാബുവും വരുന്ന സീനുകളെല്ലാം പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. വിജയ്‌യുടെ മുന്‍ ചിത്രങ്ങളെയും ഡയലോഗുകളെയും വാരിസിലെ വിജയ് കഥാപാത്രത്തെയും ട്രോളിക്കൊണ്ടുള്ള ഡയലോഗുകളില്‍ അധികവും വരുന്നത് യോഗി ബാബുവില്‍ നിന്നാണ്.

രശ്മിക മന്ദാനയുടെ കഥാപാത്രവും വിജയ്‌യും തമ്മിലുള്ള ഒരു റൊമാന്റിക് സീന്‍ തുടങ്ങുന്ന സമയത്ത് പ്രേക്ഷകര്‍ക്ക് തോന്നുന്ന ക്രിഞ്ച് അതുപോലെ തന്നെ എക്‌സ്പ്രസ് ചെയ്യുന്ന ഈ കഥാപാത്രം വാരിസിന് വലിയ കരുത്തായിരുന്നു. അതേസമയം യോഗി ബാബുവിനെ ബോഡി ഷേമിങ് നടത്തികൊണ്ടുള്ള ഡയലോഗുകള്‍ കൂടി ഇക്കൂട്ടത്തില്‍ വന്നത് നിരാശയായിരുന്നു.

വിജയ്‌യുടെ ഇതുവരെയുള്ള ഹിറ്റ് കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ചിത്രത്തില്‍ ട്രോളായി കടന്നുവരുന്നത് ഭൂരിഭാഗം സ്ഥലങ്ങളിലും വര്‍ക്കൗട്ടാകുന്നുണ്ട്. ഐ ആം വെയ്റ്റിങ്ങും വാത്തി കമിങ്ങും അറബിക്കുത്ത് ഡാന്‍സും ബബിള്‍ഗം വായിലേക്കിടന്നതും പണ്ടത്തെ സിനിമകളിലെ റൊമാന്റിക് ഡയലോഗുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പ്രകാശ്‌രാജിന്റെ ഗില്ലിയിലെ മാപ്ലൈ വിളികള്‍ കൂടിയാകുന്നതോടെ ഈ ഓര്‍മപ്പെടുത്തലുകള്‍ പൂര്‍ത്തിയാകും.

 

ചിത്രത്തിലെ ആദ്യ ഭാഗത്ത് ചില വിഷയങ്ങളെ പരാമര്‍ശിച്ച രീതിയും എടുത്തു പറയേണ്ടതാണ്. വിവാഹമോചനത്തെ കുറിച്ച് വളരെ തെളിച്ചമുള്ള ചില കാഴ്ചപ്പാടുകളാണ് തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. പരസ്പരം ഒന്നിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഭാര്യയും ഭര്‍ത്താവും തമ്മിലെങ്കില്‍ പിരിയുന്നതാണ് ഉചിതമെന്ന് നായകന്‍ തന്നെ പറയുന്നുണ്ട്. സമാനമായ രീതിയില്‍, ഒരു കുടുംബം എന്ന ഇന്‍സ്റ്റിറ്റിയൂഷനും ഇക്കോണമിക്കല്‍ യൂണിറ്റനുമകത്ത് അധികാരവും സ്വത്തും കൈക്കലാക്കാന്‍ വേണ്ടി നടക്കുന്ന ചരടുവലികളും, അടിസ്ഥാനപരമായി ഓരോ കുടുംബത്തിലും നിലനില്‍ക്കുന്ന പവര്‍ ഹയരാര്‍ക്കിയും നേരിട്ടല്ലെങ്കിലും പ്രതിപാദിച്ചു പോകുന്നുണ്ട്.

അച്ഛനും ആണ്‍മക്കളും തമ്മിലുള്ള ബന്ധത്തെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതും ഒരു പരിധി വരെ മികച്ചുനില്‍ക്കുന്നുണ്ട്. വൈകാരികമായ രംഗങ്ങള്‍ അതിഭാവുകത്വത്തിലേക്ക് വീണുപോകാതെയാണ് ഒരുക്കിയിരിക്കുന്നത്. അച്ഛന്‍ രാജേന്ദ്രനായി എത്തിയ ശരത് കുമാറും മകന്‍ വിജയ്‌യും വരുന്ന കോമ്പോ സീനുകള്‍ തരക്കേടില്ലായിരുന്നു. റിയല്‍ ലൈഫില്‍ അച്ഛന്‍ ചന്ദ്രശേഖറുമായുള്ള അസ്വാരസ്യങ്ങള്‍ക്കുള്ള മറുപടിയാണ് സിനിമയില്‍ വിജയ് പറയുന്നത് എന്നുവരെ ഇടക്ക് തോന്നിയിരുന്നു. ‘ഞാന്‍ നിങ്ങള്‍ നടന്ന വഴിയിലൂടെ നടക്കണമെന്നില്ല, എന്നാല്‍ എന്നെ നടക്കാന്‍ പഠിപ്പിച്ചത് നിങ്ങളാണ്’ എന്ന ഡയലോഗൊക്കെ ഒരു ഉദാഹരണം.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇപ്പറഞ്ഞതില്‍ ചിലതില്‍ സിനിമയുടെ ആറ്റിറ്റിയൂഡ് എങ്ങനെയാണോ തകിടം മറിയുന്നതും സെന്‍സലസുമാകുന്നത് അതുപോലെ തന്നെ സിനിമയും കൈവിട്ടു പോകുകയാണ്. തരക്കേടില്ലാത്ത മാസ് എന്റര്‍ടെയ്‌നറായി മാറാനുള്ള ചില സാധ്യതകള്‍ വംശി പൈഡിപ്പള്ളിയും ഹരിയും ആഷിഷോര്‍ സോളമനും ചേര്‍ന്നൊരുക്കിയ തിരക്കഥയിലും, വംശിയുടെ സംവിധാനത്തിലും ഉണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയോടെ വാരിസ് പടിപടിയായി താഴേക്ക് പോകുകയാണ്.

ചേട്ടന്മാരെയും അമ്മയെും അച്ഛനെയുമെല്ലാം ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളെയും അതിന് പിന്നിലുള്ള സിനിമാറ്റിക് ലോജിക്കിനെയും മനസിലാക്കാമെങ്കിലും വിവാഹമോചനം ഒഴിവാക്കാനായി പറയുന്ന സാഹചര്യം അംഗീകരിക്കാനേ കഴിയാത്തതായിരുന്നു. സ്ത്രീ വീണ്ടും സര്‍വംസഹയാകുന്ന കാഴ്ചയാകുന്ന കണ്ടത്. എന്തൊക്കെ സംഭവിച്ചാലും കുടുംബമായാല്‍ അങ്ങനെ തന്നെ മുന്നോട്ടുപോകണമെന്ന് കൊട്ടിഘോഷിച്ച ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാകും എന്നത് ഒരു ചോദ്യമാണ്.

ചിത്രത്തിലെ പ്രോബ്ലമാറ്റിക്കായ മറ്റൊരു കഥാപാത്രസൃഷ്ടി ഒരു കൗമാരക്കാരിയുടേതാണ്. മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കുടുംബത്തിലെ കുട്ടിയെ കാണിക്കുന്ന സ്ഥിരം പാറ്റേണിലാണ് ഈ കുട്ടിയെത്തുന്നത്. നെഗറ്റീവ് ആറ്റിറ്റിയൂഡുള്ള കഥാപാത്രം. എന്നാല്‍ ഈ കുട്ടിയുടെ വസ്ത്രധാരണത്തെയും ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നതിനെയും ഇതിനോട് കണക്ട് ചെയ്ത് അവതരിപ്പിച്ചത് പ്രോബ്ലമാറ്റിക്കായിരുന്നു.

കുടുംബത്തില്‍ പ്രശ്‌നങ്ങളുള്ളപ്പോള്‍ ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഡേറ്റിങ് ആപ്പുമായി നടക്കുന്ന കുട്ടി, പ്രശ്ങ്ങള്‍ തീരുമ്പോള്‍ ചുരിദാറിട്ട്, കുടുംബത്തിലെ എല്ലാവരെയും കെട്ടിപ്പിടിച്ച് നടക്കുന്നയാളായി മാറുന്നു. മറ്റെല്ലാ കഥാപാത്രങ്ങളിലും വലിയ ശരി-തെറ്റ് കളിയില്‍ ഊന്നാതിരുന്ന സിനിമ പക്ഷെ ഈ കഥാപാത്രത്തില്‍ മാത്രം ആ കയ്യടക്കം നഷ്ടപ്പെടുത്തി ഒരുപാട് പുറകിലേക്ക് നടന്നു.

ഇതെല്ലാം മാറ്റിവെച്ചാലും, സിനിമയുടെ ആസ്വാദനത്തെ ശല്യപ്പെടുത്തുന്നത് ഒരു ആവശ്യവുമില്ലാതെ എത്തുന്ന പാട്ടുകളും ഫൈറ്റുമായിരുന്നു. ഇത്രയും ബോറടിപ്പിച്ച, എന്തിന് ഇതൊക്കെ എന്ന് ചോദിപ്പിച്ച ഫൈറ്റ് സീനുകള്‍ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല. പാട്ടുകളുടെ ബീറ്റും വിജയ്‌യുടെ ഡാന്‍സും നല്ലതായിരുന്നെങ്കിലും സിനിമയില്‍ അവയില്‍ ഒരു പാട്ട് പോലും ആവശ്യമില്ലായിരുന്നു.

പതിവ് പോലെ, രശ്മിക മന്ദാനക്കോ ചിത്രത്തിലെ മറ്റേതെങ്കിലും സ്ത്രീ കഥാപാത്രത്തിനോ പ്രത്യേകിച്ച് ഒരു പ്രാധാന്യവും സിനിമയിലില്ല. അമ്മയായ ജയസുധക്ക് മാത്രമാണ് കഥാഗതിയില്‍ എന്തെങ്കിലും ചിലത് ചെയ്യാനുള്ളത്. രശ്മികയുടെ കഥാപാത്രത്തെ പേര് പോലും സിനിമക്ക് ശേഷം ഓര്‍മയിലുണ്ടാകില്ല. ഒന്നോ രണ്ടോ വാക്കുകള്‍ പറയാനും, വെറുതെ ഡാന്‍സ് കളിക്കാന്‍ മാത്രമായി ഇനിയും ഇനിയും നായികമാരുടെ ജീവിതം വിജയ് സിനിമകളില്‍ ബാക്കിയുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി കാണിച്ചുതന്നു വാരിസ്.

വാരിസിന്റെ മേക്കിങ്ങില്‍ മോശം നിലവാരം പുലര്‍ത്തിയത് വിജയ്‌യുടെ ഇന്‍ട്രോ സീനായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന നായകനെയാണ് ഇവിടെ കാണിക്കുന്നത്. കാര്‍ട്ടൂണ്‍ ലെവല്‍ വിഷ്വല്‍ ഇഫക്ടസായിരുന്നു ഈ ഭാഗത്തിലേത്. യഥാര്‍ത്ഥ സ്ഥലങ്ങള്‍ കാണിച്ചുകൊണ്ട് തന്നെ ഈ ഇന്‍ട്രോ സീന്‍ കാണിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ. പക്ഷെ പച്ചപ്പും വെള്ളച്ചാട്ടവുമെല്ലാം വരച്ചു വെക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത് ഉണ്ടാക്കിയ നിരാശ ഒട്ടും ചെറുതല്ലായിരുന്നു.

വിജയ് എന്ന വാരിസിലെ സൂപ്പര്‍ സ്റ്റാറിനെ കുറിച്ച് പറയാതിരിക്കാനാകില്ലല്ലോ. വിജയ്‌യുടെ തമാശ ഡയലോഗുകള്‍, കെയര്‍ ഫ്രീ ആറ്റിറ്റിയൂഡ്, പഞ്ച് ഡയലോഗുകള്‍, ഉപദേശം, ഡാന്‍സ്, ഫൈറ്റ്, ഫാന്‍സിനോട് നേരിട്ട് സംവദിക്കുന്ന ഷോട്ടുകള്‍ ഇതൊക്കെ തന്നെയാണ് ഈ സിനിമയിലുമുള്ളത്. ഇവയെല്ലാം ചേര്‍ത്ത് എങ്ങനെയാണോ ഇതുവരെയുള്ള സിനിമകളില്‍ സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് ദളപതി വിജയ് നിറഞ്ഞുനിന്നത് അതുതന്നെ വാരിസിലും കാണാം. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും അദ്ദേഹത്തെ ആസ്വദിക്കാം. പക്ഷെ എന്തെങ്കിലും ഒരു മാറ്റം വരുത്താമോ, ചെറിയ തോതിലെങ്കിലും വ്യത്യാസമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കാമോ എന്ന് ആരെങ്കിലും തിരിച്ചു ചോദിക്കാതിരിക്കില്ല.

Content Highlight: Vijay Movie Varisu Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.