ഇടിമിന്നലായി അന്‍മോല്‍പ്രീത്; പഞ്ചാബിനെ വെട്ടിക്കൂട്ടാന്‍ സൗരാഷ്ട്രയ്ക്ക് വേണ്ടത് ഇത്രമാത്രം!
Cricket
ഇടിമിന്നലായി അന്‍മോല്‍പ്രീത്; പഞ്ചാബിനെ വെട്ടിക്കൂട്ടാന്‍ സൗരാഷ്ട്രയ്ക്ക് വേണ്ടത് ഇത്രമാത്രം!
ശ്രീരാഗ് പാറക്കല്‍
Friday, 16th January 2026, 6:23 pm

 

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലില്‍ പഞ്ചാബും സൗരാഷ്ട്രയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗരാഷ്ട്ര പഞ്ചാബിനെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. തുടര്‍ന്ന് 291 റണ്‍സിനാണ് പഞ്ചാബ് പുറത്തായത്.

വണ്‍ഡൗണ്‍ ബാറ്റര്‍ അന്‍മോല്‍പ്രീത് സിങ്ങിന്റെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തിയത്. 105 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 100 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. 47ാം ഓവര്‍ വരെ താരം ക്രീസില്‍ പിടിച്ചുനിന്നാണ് പഞ്ചാബിനെ മുന്നോട്ട് കൊണ്ടുപോയത്.

ചേതന്‍ സക്കറിയയുടെ പന്തിലാണ് താരം പുറത്തായത്. താരത്തിന് പുറമെ ഓപ്പണറും ക്യാപ്റ്റനുമായ പ്രഭ്‌സിമ്രാന്‍ സിങ് 89 പന്കില്‍ 87 റണ്‍സും നേടി നിര്‍ണായക പ്രകടനമാണ് നടത്തിയത്. മധ്യനിരയില്‍ രമണ്‍ദീപ് സിങ് 42 റണ്‍സും നേടി മികവ് പുലര്‍ത്തി.

അതേസമയം മത്സരത്തില്‍ ചേതന്‍ സക്കറിയയാണ് സൗരാഷ്ട്രയ്ക്ക് വേണ്ടി കിടിലന്‍ ബൗളിങ് പ്രകടനം നടത്തിയത്. നാല് വിക്കറ്റുകളാണ് താരം നേടിയത്. അങ്കുര്‍ പന്‍വാര്‍, ചിരാഗ് ജാനി എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങില്‍ സൗരാഷ്ട്ര വിജയലക്ഷ്യം മറികടന്ന് ടൂര്‍ണമെന്റിലേക്കുള്ള ഫൈനല്‍ ടിക്കറ്റ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി വിദര്‍ഭ ഫൈനല്‍ ടിക്കറ്റ് എടുത്തിരുന്നു.

ആദ്യ സെമിയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 49.4 ഓവറില്‍ 250 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 46.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി വിദര്‍ഭ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.

Content Highlight: Vijay Hazare Trophy Second Semi Final: Saurashra All Out Panjab For 291 Runs

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ