| Thursday, 16th January 2025, 9:43 pm

സഞ്ജു മറ്റൊരു ടീമിന്റെ ക്യാപ്റ്റനായി കേരളത്തിനെതിരെ കളിക്കുന്നത് പോലെ, അതും ഫൈനലില്‍; കലാശപ്പോരാട്ടത്തിന് വിദര്‍ഭ

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫി 2024-25 ഫൈനലിന് യോഗ്യത നേടി വിദര്‍ഭ. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 69 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.

ജനുവരി 18നാണ് ഫൈനല്‍ മത്സരം. കര്‍ണാടകയാണ് വിദര്‍ഭയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക ഫൈനലിന് യോഗ്യത നേടിയത്.

കര്‍ണാടക ആരാധകരെ സംബന്ധിച്ച് ഈ മത്സരം ഒരേ സമയം സ്‌പെഷ്യലും നിരാശയുണര്‍ത്തുന്നതുമാണ്. വിദര്‍ഭയുടെ നായകന്‍ തങ്ങളുടെ സ്വന്തം കരുണ്‍ നായര്‍ ആണെന്നതാണ് ആരാധകരെ അലട്ടുന്ന വിഷയം.

കര്‍ണാടകയുടെ കളിത്തട്ടകത്തില്‍ കളിച്ചാണ് കരുണ്‍ നായര്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. കര്‍ണാടക അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കളിച്ച കരുണ്‍ നായര്‍ ആഭ്യന്തര തലത്തില്‍ സ്റ്റേറ്റ് ടീമിനായും കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കരുണ്‍ നായര്‍ സാന്നിധ്യമായിരുന്നു.

നേരത്തെ കര്‍ണാടകയ്‌ക്കൊപ്പം വിജയ് ഹസാരെ കിരീടവും കരുണ്‍ നായര്‍ സ്വന്തമാക്കിയിരുന്നു.  എന്നാല്‍ 2022ല്‍ താരം കര്‍ണാടക ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.

കര്‍ണാടക ജേഴ്‌സിയില്‍ വിജയ് ഹസാരെ ട്രോഫിയുമായി കരുണ്‍ നായര്‍

സീസണില്‍ കരിയര്‍ ബെസ്റ്റ് ബാറ്റിങ് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഏഴ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയടക്കം 752 റണ്‍സാണ് താരം സ്വന്തമാക്കിയത്. 120+ സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടുന്ന താരത്തിന്റെ ഈ സീസണിലെ ബാറ്റിങ് ശരാശരി 752.00 ആണ്!

അതേസമയം, സീസണില്‍ അപരാജിതരായാണ് വിദര്‍ഭ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.

സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടി. ഓപ്പണര്‍മാരായ യഷ് റാത്തോഡിന്റെയും ധ്രുവ് ഷൂരേയുടെയും സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

റാത്തോഡ് 101 പന്തില്‍ 116 റണ്‍സ് നേടിയപ്പോള്‍ 120 പന്തില്‍ 114 റണ്‍സാണ് ഷൂരേയുടെ സമ്പാദ്യം.

അര്‍ധ സെഞ്ച്വറിയുമായി കരുണ്‍ നായരും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും തിളങ്ങി. 33 പന്തില്‍ 51 റണ്‍സ് നേടി ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ 44 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 24 റണ്‍സടിച്ചാണ് കരുണ്‍ നായര്‍ വിദര്‍ഭ ഇന്നിങ്‌സിന് ഫുള്‍ സ്റ്റോപ്പിട്ടത്.

മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സത്യജീത് ബച്ചാവ് ഒരു വിക്കറ്റും നേടി.

381 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കം പാളി. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി. ദര്‍ശന്‍ നല്‍ക്കണ്ഡേയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ഗെയ്ക്വാദിന് പിഴയ്ക്കുകയും ഉജ്ജ്വല ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ താരത്തെ പുറത്താക്കുകയുമായിരുന്നു.

ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും അങ്കിത് ഭാവ്‌നെയും അര്‍ധ സെഞ്ച്വറി നേടി. കുല്‍ക്കര്‍ണി 101 പന്തില്‍ 90 റണ്‍സടിച്ച് പുറത്തായപ്പോള്‍ 49 പന്തില്‍ 50 റണ്‍സാണ് ഭാവ്‌നെ നേടിയത്.

26 പന്തില്‍ 49 റണ്‍സുമായി നിഖില്‍ നായിക്ക് ചെറുത്തുനിന്നെങ്കിലും പോരാട്ടം പാഴായി.

സിദ്ധേഷ് വീര്‍ (43 പന്തില്‍ 30), അസിം കാസി (34 പന്തില്‍ 29), രാഹുല്‍ ത്രിപാഠി (19 പന്തില്‍ 27) എന്നിവര്‍ തങ്ങളാലാവുന്നത് സംഭാവന ചെയ്‌തെങ്കിലും വിജയലക്ഷ്യം ഏറെ ദൂരെയായിരുന്നു.

ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ മഹാരാഷട്ര ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍ക്കണ്ഡേയും നചികേത് ഭൂട്ടേയും മൂന്ന് വിക്കറ്റ് വീതം നേടി. പാര്‍ത്ഥ് രേഖാഡെയാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

Content highlight: Vijay Hazare Trophy: Karun Nair led Vidarbha qualified to the final

We use cookies to give you the best possible experience. Learn more