വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ കൂറ്റന്‍ വിജയവുമായി ബീഹാര്‍. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 397 റണ്‍സിന്റെ വിജയമാണ് ബീഹാര്‍ സ്വന്തമാക്കിയത്.
പ്ലേറ്റ് ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ബീഹാര്‍ ഉയര്‍ത്തിയ 575 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അരുണാചല്‍ പ്രദേശ് 177 റണ്‍സിന് പുറത്തായി. ബീഹാറിന്റെ ടോപ്പ് സ്‌കോറര്‍ വൈഭവ് സൂര്യവംശി നേടിയതിനേക്കാള്‍ 13 റണ്‍സ് കുറവ് മാത്രമാണ് അരുണാചലിന് സ്വന്തമാക്കാന്‍ സാധിച്ചത്.
ബീഹാര്‍ നായകന്‍ സാക്കിബുള്‍ ഗാനി
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബീഹാര്‍ വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി, വിക്കറ്റ് കീപ്പര്‍ ആയുഷ് ആനന്ദ് ലോഹരുക എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് നേടി.
സൂര്യവംശി 84 പന്ത് നേരിട്ട് 190 റണ്‍സ് നേടി. 15 സിക്‌സറും 16 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാക്കിബുള്‍ ഗാനി 40 പന്തില്‍ 12 ഫോറും പത്ത് സിക്‌സറും അടക്കം പുറത്താകാതെ 128 റണ്‍സടിച്ചപ്പോള്‍ 56 പന്തില്‍ 116 റണ്‍സാണ് ലോഹരുക തന്റെ പേരില്‍ കുറിച്ചത്.
അരുണാചലിനായി ടെച്ചി നേരിയും ടി.എന്‍.ആര്‍ മോഹിത്തും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ലോഹരുക റണ്‍ ഔട്ടായപ്പോള്‍ ധീരജ് ലക്ഷ്മണ്‍ ആര്‍ട്ടിന്‍ ഒരു വിക്കറ്റും നേടി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അരുണാചലിന് കാര്യമായി ചെറുത്തുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ലിസ്റ്റ് എ ഫോര്‍മാറ്റെടുത്ത് പരിശോധിക്കുമ്പോള്‍ തരക്കേടില്ലാത്ത തുടക്കമാണ് ടീമിന് ലഭിച്ചതെങ്കിലും 575 റണ്‍സ് പിന്തുടരുമ്പോള്‍ വേണ്ടിയിരുന്ന തുടക്കമായിരുന്നില്ല അത്.
38 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കാംഷ യാങ്‌ഫോയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ഒടുവില്‍ 42.1 ഓവറില്‍ അരുണാചല്‍ 177ന് പുറത്തായി.
സുരാജ് കശ്യപും ആകാശ് ബിഭൂതി രാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹിമാന്‍ഷു തിവാരി രണ്ട് വിക്കറ്റും ഷബ്ബീര്‍ ഖാന്‍ ഒരു വിക്കറ്റും നേടി.
397 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡും ബീഹാര്‍ സ്വന്തമാക്കി. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമെന്ന നേട്ടമാണ് ബിഹാര്‍ സ്വന്തമാക്കിയത്. ഈ റെക്കോഡ് നേട്ടത്തില്‍ തമിഴ്‌നാടാണ് ഒന്നാമത്.