പൊങ്കലിന് റിലീസ് പ്രഖ്യാപിച്ച വിജയ് ചിത്രം ജന നായകന്റെ റിലീസ് തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ടാണ് ചിത്രം റിലീസാകാതെ ഇരിക്കുന്നത്. ജന നായകനൊപ്പം റിലീസ് പ്രഖ്യാപിച്ച പരാശക്തിക്ക് സെന്‍സര്‍ അനുമതി ലഭിക്കുകയും ചെയ്തു.
Photo: Wikipedia
വിജയ് ആരാധകര്‍ക്കിടയില്‍ ഇത് വലിയ രോഷത്തിന് വഴിവെച്ചു. ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണം നേടിയ പരാശക്തിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടത്തുകയാണ് വിജയ് ആരാധകര്‍. ഡി.എം.കെയും ബി.ജെ.പിയും ചേര്‍ന്നാണ് ജന നായകന്റെ റിലീസ് തടഞ്ഞതെന്ന് വിജയ് ആരാധകര്‍ ആരോപിച്ചു.
ഇന്ന് ദല്‍ഹിയില്‍ നടന്ന പൊങ്കല്‍ ആഘോഷവും വിജയ് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. തമിഴ്‌നാട് ബി.ജെ.പി നേതാവായ എല്‍. മുരുകനാണ് പൊങ്കല്‍ ആഘോഷം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ അതിഥിയായിരുന്നു.
ചടങ്ങിന് മോദിക്കൊപ്പം പരാശക്തിയിലെ താരങ്ങളായ ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, സംഗീത സംവിധായകന്‍ ജി.വി. പ്രകാശ് എന്നിവര്‍ ഇരിക്കുന്ന ഫോട്ടോ വിജയ് ആരാധകര്‍ ആയുധമാക്കിയിരിക്കുകയാണ്.
ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് പരാശക്തിയുടെ അണിയറപ്രവര്‍ത്തകര്‍ ജന നായകന്റെ റിലീസ് തടഞ്ഞതെന്നും വിജയ് ആരാധകര്‍ ആരോപിക്കുന്നു. പരാശക്തിയുടെ വിതരണം ഏറ്റെടുത്തത് ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണെന്നും ബി.ജെ.പി- ഡി.എം.കെ കൂട്ടുകെട്ടിന് ഇതിലും വലിയ തെളിവ് വേണമോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്‍ഫോര്‍മോഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് കൈകാര്യം ചെയ്യുന്ന എല്‍. മുരുകന് ജന നായകന്റെ സെന്‍സര്‍ തടഞ്ഞതില്‍ പങ്കുണ്ടെന്ന് വിജയ് ആരാധകര്‍ ആദ്യം മുതല്‍ക്കേ ആരോപിച്ചിരുന്നു. ആദ്യം സബ്മിറ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തൊട്ടുമുമ്പായിരുന്നു ജന നായകന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അംഗം പരാതി നല്‍കിയത്.