കേരളത്തെ ഒന്നാകെ അവഹേളിക്കുന്ന പ്രൊപ്പഗണ്ട ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞുകൊണ്ട് കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാഴ്ചക്കകം ചിത്രം ഒന്നുകൂടെ സെന്‍സര്‍ ബോര്‍ഡ് കാണണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇന്ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് ലഭിച്ച തിരിച്ചടി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് വിജയ് ആരാധകര്‍.
വിജയ് നായകനായ ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് മുടങ്ങിയിരിക്കുകയാണ്. പൊങ്കല്‍ റിലീസായി ജനുവരി ഒമ്പതിന് എത്തേണ്ട ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ താമസം വന്നതാണ് റിലീസ് നീണ്ടുപോയത്. നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി വരാന്‍ അവിടെയും കാലതാമസം നേരിട്ടു. കേസ് പിന്‍വലിച്ച് റിവൈസിങ് കമ്മിറ്റിയിലേക്ക് ചിത്രമയച്ചെങ്കിലും അവിടെയും നിര്‍മാതാക്കളുടെ ക്ഷമ പരീക്ഷിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.
കേരള സ്‌റ്റോറി പോലെ അങ്ങേയറ്റം വിദ്വേഷം പടര്‍ത്തുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതും ജന നായകനെ തടഞ്ഞതിനുമെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിനെതിരെ വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ കേരള സ്‌റ്റോറിയുടെ റിലീസിന് സ്‌റ്റേ ലഭിച്ചതില്‍ വിജയ് ആരാധകരടക്കം വലിയൊരു വിഭാഗം ആളുകള്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്.
കര്‍മ ഈസ് എ ബൂമറാങ്ങെന്നാണ് പലരും പറയുന്നത്. ജന നായകനെ തടഞ്ഞ് സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ പറയുന്ന സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമക്ക് ഇങ്ങനെയൊരു തിരിച്ചടി സെന്‍സര്‍ ബോര്‍ഡ് പ്രതീക്ഷിച്ചുകാണില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ അവസാനമാകാതെ കേരള സ്റ്റോറിക്ക് നല്ലൊരു റിലീസ് ഡേറ്റ് ലഭിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രണ്ടാഴ്ചക്ക് ശേഷം ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി വന്നാല്‍ പോലും ചിത്രത്തിന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സിനിമാപേജുകള്‍ നിരീക്ഷിക്കുന്നത്. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 മാര്‍ച്ച് 19ന് റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ആദ്യഭാഗത്തിന് വന്‍ റീച്ച് ലഭിച്ചതിനാല്‍ രണ്ടാം ഭാഗം കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നുറപ്പാണ്.
നോര്‍ത്ത് ഇന്ത്യയില്‍ മാത്രം 5000ലേറെ സ്‌ക്രീനുകളാണ് ധുരന്ധര്‍ 2 ലക്ഷ്യം വെക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗത്തിനും ലോങ് റണ്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ഇത് കേരള സ്റ്റോറിക്ക് തിരിച്ചടിയാകും. 2023ല്‍ കേരള സ്‌റ്റോറിയുടെ ആദ്യഭാഗം കര്‍ണാടകയിലെ ഇലക്ഷന് മുമ്പായിരുന്നു റിലീസ് ചെയ്തത്. കര്‍ണാടക ഇലക്ഷന്‍ പ്രചരണത്തിനിടെ ഈ ചിത്രം നരേന്ദ്ര മോദി പ്രചരണായുധമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
കേരളമടക്കം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള സ്റ്റോറി 2നെ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണായുധമാക്കുമെന്ന് ഉറപ്പാണെന്നും ആ നീക്കത്തിന് ഇപ്പോള്‍ തിരിച്ചടി ലഭിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റുകള്‍ പങ്കുവെച്ചു.
Content Highlight: Vijay fans and cinephiles sharing their joy after the stay of Kerala Story 2 movie