ഡി.എം.കെയുടെ പണം വാങ്ങിക്കോളൂ, പക്ഷെ വിസില്‍ അടിക്കണം; സ്റ്റാലിന്റെ വനിതകള്‍ക്കായുള്ള പ്രത്യേക ധനസഹായത്തെ വിമര്‍ശിച്ച് വിജയ്
India
ഡി.എം.കെയുടെ പണം വാങ്ങിക്കോളൂ, പക്ഷെ വിസില്‍ അടിക്കണം; സ്റ്റാലിന്റെ വനിതകള്‍ക്കായുള്ള പ്രത്യേക ധനസഹായത്തെ വിമര്‍ശിച്ച് വിജയ്
അനിത സി
Friday, 13th February 2026, 3:05 pm

സേലം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്തെ വനിതകള്‍ക്കായി പ്രഖ്യാപിച്ച 2000 രൂപയുടെ പ്രത്യേക വേനല്‍ക്കാല ധനസഹായത്തെ വിമര്‍ശിച്ച് ടി.വി.കെ നേതാവും നടനുമായ വിജയ്. 1000 രൂപയുടെ പ്രതിമാസ ധനസഹായത്തിന് പുറമെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ 2000 രൂപ ബോണസായി നല്‍കുന്നത്.

ഇതിലൂടെ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകവും അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്ന് വിജയ് വിമര്‍ശിച്ചു. പണം നല്‍കി വോട്ട് വാങ്ങാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും വിജയ് ആരോപിച്ചു. സേലത്ത് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്.

സമ്മര്‍ ബൊനാന്‍സയുടെ ഭാഗമായി സ്റ്റാലിന്‍ സ്ത്രീകള്‍ക്ക് 2000 രൂപ വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് ഈ നടപടിയെന്ന് ധനസഹായത്തെ വിമര്‍ശിച്ചുകൊണ്ട് വിജയ് പറഞ്ഞു.

‘നിങ്ങള്‍ പണം വാങ്ങിക്കോളൂ, പക്ഷെ വിസില്‍ മുഴക്കൂ’, തമിഴക വെട്രി കഴകത്തിന്റെ ചിഹ്നമായ വിസില്‍ പരാമര്‍ശിച്ചുകൊണ്ട് വിജയ് ആഹ്വാനം ചെയ്തു.

സ്റ്റാലിന്‍ സര്‍ക്കാര്‍ വനിതകള്‍ക്കായി പ്രഖ്യാപിച്ച കലൈഞ്ജര്‍ വിമണ്‍സ് റൈറ്റ്‌സ് സ്‌കീമിലൂടെ എല്ലാ മാസവും 1000 രൂപ വീതം അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുകയായ 3000 രൂപ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഈ തുകയോടൊപ്പമാണ് പ്രത്യേക വേനല്‍ക്കാല ധനസഹായമായി 2000 രൂപ കൂടി സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ആകെ 5000 രൂപയാണ് സ്‌കീമില്‍ ഉള്‍പ്പെട്ട 1.31 കോടി വനിതകളുടെ അക്കൗണ്ടിലേക്ക് ലഭിക്കുക. ഇതിന്റെ ആദ്യ ഘട്ടമായി 3000 രൂപ ഓരോ അക്കൗണ്ടുകളിലേക്കും എത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ടി.വി.കെയ്ക്കും വിസിലിനും പ്രത്യേകിച്ച വനിതകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പിന്തുണയെ ഡി.എം.കെ പേടിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനകീയതയില്‍ ആശങ്കപ്പെട്ടാണ് പണം നല്‍കി വോട്ട് വാങ്ങാന്‍ ഡി.എം.കെ ശ്രമിക്കുന്നതെന്നും വിജയ് കുറ്റപ്പെടുത്തി.

2000 രൂപയുടെ പ്രത്യേക വേനല്‍ക്കാല ധനസഹായം എന്തിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്? ഈ വര്‍ഷം മാത്രമെ വേനല്‍ക്കാലമുണ്ടാകൂ? ഇതിനെല്ലാം കാരണം തെരുവിലെ എല്ലാ വീടുകളില്‍ നിന്നും കേള്‍ക്കുന്ന വിസില്‍ ശബ്ദമാണ്’, വിജയ് പറഞ്ഞു.

വിജയ്ക്ക് രാഷ്ട്രീയത്തില്‍ അനുഭവ പരിജ്ഞാനമില്ലെന്ന ഡി.എം.കെയുടെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞ വിജയ്, ഡി.എം.കെയുടെ അനുഭവപരിചയം അഴിമതിയിലാണ്, ടി.വി.കെയ്ക്ക് അതില്‍ വലിയ അറിവില്ലെന്ന് തിരിച്ചടിച്ചു. ഡി.എം.കെ തിന്മ നിറഞ്ഞതാണെന്നും ടി.വി.കെയുടെ നന്മയ്ക്ക് വോട്ട് ചെയ്യണമെന്നും വിജയ് റാലിയില്‍ ആഹ്വാനം ചെയ്തു.

Content Highlight: Take DMK’s money, but blow the whistle; Vijay criticizes MK Stalin’s special financial allowance for women

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍