കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുയോഗത്തിൽ വിജയ്; പാസുള്ളവർക്ക് മാത്രം പ്രവേശനം
India
കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുയോഗത്തിൽ വിജയ്; പാസുള്ളവർക്ക് മാത്രം പ്രവേശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 12:41 pm

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗത്തിൽ പങ്കെടുത്ത് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. കാഞ്ചീപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വെച്ചാണ് യോഗം നടന്നത്.

നേരത്തെ തന്നെ തയാറാക്കിയ ക്യൂആർ കോഡുള്ള പ്രവേശന ടിക്കറ്റുള്ളവർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാനായി അനുമതി നൽകിയത്. കാഞ്ചീപുരം ജില്ലയിലെ ഏകദേശം 35 ഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 2000 പേരാണ് യോഗത്തിൽ പങ്കെടുത്തത്.

സ്ത്രീകൾ, കുട്ടികൾ, കർഷകർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുമായി ആരും വരരുതെന്ന് നിർദേശം നേരത്തെ നൽകിയിരുന്നെന്നാണ് റിപ്പോർട്ട്. നിർദേശങ്ങൾ പാലിക്കാത്ത ആർക്കും തന്നെ പ്രവേശനം നൽകില്ലെന്ന് ടി.വി.കെ വ്യക്തമാക്കി.

ഡിസംബർ 4 ന് സേലത്ത് നടത്താൻ തീരുമാനിച്ച റാലിക്ക് പോലീസ് വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുത്ത 2,000 പേർക്ക് മാത്രമായി പരിപാടി സംഘടിപ്പിച്ചത്.

ടി.വി.കെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.

സെപ്റ്റംബർ 27ന് രാത്രിയോടെ വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനിടെയാണ് കരൂരിൽ അപകടമുണ്ടായത്. പതിനായിരം പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്ന പരിപാടിയിൽ ഒന്നരലക്ഷം ആളുകളാണ് പങ്കെടുത്തിരുന്നത്.

പരിപാടിയിലേക്ക് വിജയ് വൈകിയെത്തിയതും മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങൾക്ക് നേരെ വെള്ളകുപ്പികൾ എറിഞ്ഞതും ദുരന്തത്തിന് കാരണമായി. വെള്ളകുപ്പികൾ എറിഞ്ഞതോടെ ഉണ്ടായ ഉന്തും തള്ളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മരണസംഖ്യ വലിയ തോതിൽ ഉയരുകയായിരുന്നു.

Conent Highlight: Vijay attends meeting in Kancheepuram after Karur tragedy; Only those with passes allowed entry