തമിഴ് സിനിമാപ്രേമികളെ ആവേശത്തിലാറാടിക്കുകയാണ് തമിഴ് ചിത്രം പടയപ്പ. 25 വര്‍ഷത്തിന് ശേഷം തമിഴകത്തിന്റെ തലൈവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന്റെ റീ റിലീസ് തമിഴ് ബോക്‌സ് ഓഫീസിന് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. ആദ്യ വീക്കെന്‍ഡില്‍ 14 കോടിയോളമാണ് പടയപ്പ സ്വന്തമാക്കിയത്.
എന്നാല്‍ പടയപ്പ വീണ്ടും തകര്‍ത്തോടുമ്പോള്‍ തമിഴ് സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കഥയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച വിജയ്‌യുടെ കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്നത്തെ കാലത്ത് വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തില്‍ തനിക്കും ഭാഗമായാല്‍ കൊള്ളാമെന്ന് വിജയ് രജിനികാന്തിനോട് പറഞ്ഞെന്നുള്ള കഥകള്‍ വീണ്ടും പ്രചരിക്കുകയാണ്.
അബ്ബാസ് അവതരിപ്പിച്ച വേഷത്തിലേക്കായിരുന്നു വിജയ് താത്പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ താരത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല് പടയപ്പ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം തികയുമ്പോള്‍ വിജയ് സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു. അതും പടയപ്പയുടെ കളക്ഷന്‍ തകര്‍ത്തുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയാണ് വിജയ് തന്റെ ഹീറോയിസം കാണിച്ചത്.
ധരണി സംവിധാനം ചെയ്ത ഗില്ലി തമിഴിലെ ആദ്യത്തെ 50 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. വിജയ് ആരാധകരുടെ പേജ് ഈ കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. അന്ന് പടയപ്പയെ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത ഗില്ലി അടുത്തിടെ റീ റിലീസ് ചെയ്യുകയും വമ്പന്‍ കളക്ഷന്‍ നേടുകയും ചെയ്തു.
പടയപ്പക്ക് ഗില്ലിയുടെ റീ റിലീസ് റെക്കോഡ് മറികടക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 32 കോടിയാണ് ഗില്ലി രണ്ടാം വരവില്‍ നേടിയത്. ഇത് മറികടക്കാന്‍ പടയപ്പക്ക് സാധിച്ചാല്‍ പഴയ കണക്കുകള്‍ തീര്‍ത്തെന്ന് രജിനി ആരാധകര്‍ക്ക് അവകാശപ്പെടാനാകും. തമിഴില്‍ അടുത്തൊന്നും വലിയ റിലീസുകളില്ലാത്തത് പടയപ്പക്ക് ഗുണം ചെയ്യും.
ഒരുപക്ഷേ, അന്ന് വിജയ് പടയപ്പയുടെ ഭാഗമായിരുന്നെങ്കില്‍ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ താരസംഗമമായേനെ. ഗില്ലിയിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍താരപദവിയിലേക്കുയര്‍ന്ന വിജയ് ഇന്ന് രജിനിയോളം പോന്ന താരമായി മാറിയിരിക്കുകയാണ്. തമിഴില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറിയതും താരത്തിന്റെ സ്വാധീനവും വളരെ വലുതാണ്.