ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തമിഴ് ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച കണ്‍സെപ്റ്റായിരുന്നിട്ടും അതിനെ കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
2040കളിലെ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടേത്. ടെക്‌നോളജി മനുഷ്യനെ ഭരിക്കുന്ന കാലത്ത് രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് സിനിമയില്‍. എന്നാല്‍ ശക്തമായ തിരക്കഥയില്ലാത്തതാണ് സിനിമയുടെ ഏറ്റവും വലിയ ന്യൂനതയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകള്‍ ചെയ്ത പ്രദീപ് രംഗനാഥന് എല്‍.ഐ.കെയില്‍ അടിതെറ്റുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.
ഇതോടെ വിഘ്‌നേശ് ശിവന്റെ ഫിലിമോഗ്രഫിയിലെ അധികമാരും ശ്രദ്ധിക്കാത്ത കാര്യം ചര്‍ച്ചയായിരിക്കുകയാണ്. എല്‍.ഐ.കെ അടക്കം അഞ്ച് സിനിമകളാണ് വിഘ്‌നേശ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ സൂപ്പര്‍ഹിറ്റെന്ന് പറായാനാകുന്നത് ആകെ രണ്ട് സിനിമകള്‍ മാത്രമാണ്. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍, 2022ല്‍ പുറത്തിറങ്ങിയ കാത്തുവാക്കുല രണ്ട് കാതല്‍ എന്നിവയാണ് വിക്കിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റുകള്‍.
ആദ്യചിത്രമായ പോടാ പോടി വന്‍ പരാജയമായിരുന്നു. സൂര്യയെ നായകനാക്കി 2018ല്‍ പുറത്തിറക്കിയ താനാ സേര്‍ന്ത കൂട്ടവും ശരാശരിയിലൊതുങ്ങി. ഇപ്പോഴിതാ പ്രദീപിനും കരിയറിലെ ആദ്യ ആവറേജ് ചിത്രം വിഘ്‌നേശ് സമ്മാനിച്ചിരിക്കുകയാണ്. വിജയ് സേതുപതിക്ക് മാത്രം ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന സംവിധായകനെന്നാണ് സിനിമാപേജുകള്‍ വിഘ്‌നേശിനെ വിശേഷിപ്പിക്കുന്നത്.
നാനും റൗഡി താന്‍ വിജയ് സേതുപതിയുടെ പീക്ക് സമയത്തായിരുന്നു പുറത്തിറങ്ങിയതും വിജയിച്ചതും. എന്നാല്‍ ചെയ്യുന്ന സിനിമകളെല്ലാം നിരത്തി പരാജയമായപ്പോള്‍ ചെയ്ത കാത്തുവാക്കുല രണ്ട് കാതല്‍ മാത്രം ഹിറ്റായി. ഈയൊരു കാര്യമാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. സ്ഥിരം പാറ്റേണ്‍ നോക്കുകയാണെങ്കില്‍ വിജയ് സേതുപതിക്കൊപ്പമാകും വിഘ്‌നേശിന്റെ അടുത്ത ചിത്രമെന്നാണ് സിനിമാപേജുകളുടെ റിപ്പോര്‍ട്ട്.
പ്രദീപ് രംഗനാഥനൊപ്പം വന്‍ താരനിര എല്‍.ഐ.കെയില്‍ അണിനിരക്കുന്നുണ്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. എസ്.ജെ. സൂര്യയാണ് വില്ലനായി വേഷമിടുന്നത്. യോഗി ബാബു, സീമാന്‍, ഗൗരി കിഷന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. വിഘ്‌നേശ് ശിവനും നയന്‍താരയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight: Vignesh Shivan’s filmography discussing in Social Media