കണ്ണൂര്‍:  മുന്‍ വ്യവയായ  വകുപ്പ് മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്  ശുപാര്‍ശ. ടെക്‌സ്റ്റൈല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കരീമിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരമാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍  ഉത്തരവിട്ടത്. []

കേരള ടെക്‌സറ്റൈല്‍ കോര്‍പറേഷനും അതിനു കീഴില്‍ 2006 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച  ഉതുമ, കോമളപുരം, പിണറായി എന്നിവിടങ്ങളിലുള്ള  സ്പിന്നിംഗ് മില്ലുകളിലാണ് അഴിമതി നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി അംഗീകരിച്ചു. നേരത്തെയും ഈ കേസില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ നപടി സ്വീകരിച്ചിരുന്നില്ല.

ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനില്‍ 24 കോടി രൂപയുടെ അഴിമതി നടന്നതായാണ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

മില്ലുകളിലേയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന ടെണ്ടറുകളില്‍ 14കോടി 10ലക്ഷം രൂപയുടെ അഴിമതി നടന്നതായും, 9 കോടി 50 ലക്ഷം രൂപയുടെ അഴിമതി വഴിവിട്ട നിര്‍മ്മാണത്തിനിടെ കോണ്‍ട്രാക്ടര്‍ നടത്തിയതായും രേഖകളില്‍ പറയുന്നുണ്ട്.

കേരള ടെക്‌സറ്റൈല്‍ കോര്‍പ്പറേഷന്‍, എംഡി എം.ഗണേഷ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് ഇതിനുത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.