വരുമാനത്തേക്കാള്‍ 314 ശതമാനം സ്വത്ത്; മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപ്പത്രം സമര്‍പ്പിച്ചു
Kerala News
വരുമാനത്തേക്കാള്‍ 314 ശതമാനം സ്വത്ത്; മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപ്പത്രം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2018, 3:25 pm

കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ കോടതിയില്‍ ജനുവരി 23നാണ് എറാണകുളം സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ കുറ്റം പത്രം സമര്‍പ്പിച്ചത്.

പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവില്‍ വരുമാനത്തെക്കാള്‍ 314 ശതമാനം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിച്ചിരുന്നു. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഭരണപ്രതിപക്ഷ കക്ഷികളില്‍ ശക്തമായ സ്വാധീനമാണ് സൂരജിനുള്ളതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2003 ല്‍ കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് മാറാട് കലാപവുമായി ബന്ധപ്പെട്ടും ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി പണം പിരിച്ചെന്ന് ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.