വി.ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ; നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
വി.ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ; നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
ഫസീഹ പി.സി.
Sunday, 4th January 2026, 12:05 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ചത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഇത്തരത്തില്‍ ഫണ്ട് ശേഖരിച്ചതിലും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2018ലെ പ്രളയത്തിന് ശേഷം വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ‘പുനര്‍ജനി’. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

പദ്ധതിക്കായി വിദേശ രാജ്യങ്ങളില്‍ നിന്നും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്ത് പോയി പണം പിരിച്ചത് നിയമലംഘനമാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വി.ഡി. സതീശന്‍ നേരിട്ട് പണം പിരിച്ചതിന് തെളിവുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സതീശന്‍ യു.കെയില്‍ നിന്ന് ഏകദേശം 22,500 പൗണ്ട് (ഏകദേശം 20 ലക്ഷം രൂപ) സമാഹരിച്ചതായി കണ്ടെത്തി. എന്നാല്‍ പിരിച്ചെടുത്ത തുകയും പദ്ധതിക്കായി ചിലവഴിച്ച തുകയും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

വിദേശ ഫണ്ട് ഉള്‍പ്പെട്ട കേസായതിനാലും എഫ്.സി.ആര്‍.എ ലംഘനം നടന്നതിനാലും സംസ്ഥാന വിജിലന്‍സിന് പരിമിതികളുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആറ് മാസം മുമ്പ്, യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വിവരം.

ഈ കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷണം താന്‍ ഭയക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് വിജിലന്‍സ് തന്നെ ഉപേക്ഷിച്ചതാണ്. രണ്ടാമതൊരു പരാതി നല്‍കിയാണ് വീണ്ടും അന്വേഷണം നടത്തിയത്. നാലഞ്ച് കൊല്ലമായി ഈ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ ഏത് രീതിയില്‍ അന്വേഷിച്ചാലും അത് നിയമപരമായി നിലനില്‍ക്കില്ല. 100 ശതമാനം പെര്‍ഫെക്ഷനോട് കൂടിയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കിയതെന്നും സതീശന്‍ പറഞ്ഞു.

‘ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്റെ കൈവശമുണ്ട്. ഇനി അന്വേഷണം വന്നാലും എനിക്ക് ഭയമില്ല. 2018 ല്‍ ഈ ആക്ഷേപം വന്ന അന്ന് തന്നെ അന്വേഷണങ്ങളെ നിയമസഭയ്ക്ക് അകത്തും പുറത്തും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ അന്വേഷണങ്ങളുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വരാനിരിക്കെ എനിക്ക് എതിരെ ഒരു കേസാണ് ഉദ്ദേശമെങ്കില്‍ അതിനെ രാഷ്ട്രീയപരമായി നേരിടും. അല്ലാത്തതാണെങ്കില്‍ നിയമപരമായും നേരിടും,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, വി.ഡി. സതീശനെതിരെയുള്ള നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേസ് വെറുമൊരു ഓലപ്പടക്കമാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സർക്കാർ നീക്കം ഇലക്ഷൻ സ്റ്റണ്ടാണെന്ന് വടകര എം.പി ഷാഫി പറമ്പിലും പ്രതികരിച്ചു.

Content Highlight: Vigilance recommendation for CBI investigation against VD Satheesan; Opposition leader says it will not be legally valid

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി