മലപ്പുറം: കേരള ബാങ്ക് എടക്കര ശാഖയില്‍ മുസ്‌ലിം ലീഗ് നേതാവ് രണ്ടുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഭാര്യ, മക്കള്‍ എന്നിവരെ കൂടാതെ ബിനാമി പേരുകളിലുമായാണ് രണ്ട് കോടിയുടെ ക്രമക്കേട് നടത്തിയത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എടക്കര ശാഖയില്‍ (നിലവില്‍ കേരള ബാങ്ക്) നിന്ന് കോടികളുടെ അനധികൃത വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിലാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഇസ്മായില്‍ മൂത്തേടത്തിനും മറ്റ് ആറുപേര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്തത്.
ഭൂമിയുടെ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചുവരികയാണ്. കേസില്‍ ഇസ്മായിലിന്റെ ഭാര്യ റംലത്ത്, മകന്‍ ആസിഫ് അലി, ബാങ്ക് ശാഖാ മുന്‍ മാനേജര്‍ തോമസ് കുട്ടി, ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന മുസ്തഫ കമാല്‍ അഫ്‌സല്‍, മുന്‍ ജനറല്‍ മാനേജര്‍ സി.എം ഫിറോസ് ഖാന്‍, ബിനാമി വായ്പയെടുത്ത കുഞ്ഞിമുഹമ്മദ് ഉല്‍പ്പിലാപ്പറ്റ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം.
മറ്റ് അഞ്ച് സഹകരണ ബാങ്കുകളില്‍ നിന്നായി ഇസ്മായില്‍ എടുത്ത വായ്പകളിലും അന്വേഷണം ആരംഭിച്ചു. മൂത്തേടം അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്ന് 2020 ഡിസംബര്‍ പത്തിന് നാലുലക്ഷവും 2021 മാര്‍ച്ച് 31ന് ആറുമാസം കാലാവധിയില്‍ 2,70,450 രൂപയും ഇതേ വര്‍ഷം ജൂലൈ രണ്ടിന് 1,82,095 രൂപയും ലോണ്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യ റംലത്തിന്റെ പേരില്‍ 2020 ജൂണ്‍ രണ്ടിന് 3,75,000 രൂപയും മൂത്ത മകന്‍ അജ്മല്‍ അലിയുടെ പേരില്‍ 2014 മാര്‍ച്ച് 31ന് നാലുലക്ഷവും മറ്റൊരു മകന്‍ ആസിഫ് അലിയുടെ പേരില്‍ 2019 ഏപ്രില്‍ മൂന്നിന് നാലുലക്ഷവും സഹോദരന്‍ അബൂബക്കറിന്റെ പേരില്‍ 2020 ജൂണ്‍ 29ന് നാലുലക്ഷവും വായ്പ എടുത്തിട്ടുണ്ട്.
എടുത്ത വായ്പകളെല്ലാം കാലാവധി കഴിഞ്ഞ് തിരിച്ചടക്കാതെ വര്‍ഷങ്ങളായി കുടിശ്ശികയായി കിടക്കുകയാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ചുങ്കത്തറ സഹകരണ ബാങ്കില്‍നിന്ന് മൂന്ന് വായ്പകളിലായി എടുത്ത 55 ലക്ഷം രൂപയുടെ കുടിശ്ശിക പിടിച്ചെടുക്കുന്നതിന് ബാങ്ക് ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നില്ല.
മൂത്തേടം സഹകരണ ബാങ്കില്‍ നിന്ന് 2018 സെപ്തബംര്‍ 15ന് ഒരു ദിവസം തന്നെ രണ്ട് വായ്പകളിലായി അഞ്ച് ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇദ്ദേഹം ഇതേ ബാങ്കിലെ തന്നെ ജീവനക്കാരനായിരുന്നു. അന്ന് എടുത്ത എംപ്ലോയീസ് ഓവര്‍ ഡ്രാഫ്റ്റ് ഉള്‍പ്പെടെ മൂന്ന് വായ്പകളും അവധി ബാക്കിയാണ്.
പല വായ്പകളിലും ആവശ്യമായ ഈടുകളില്ലാത്തതിനാല്‍ ഭൂമി പിടിച്ചെടുക്കുന്നതിന് സാധിക്കുന്നില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
Content Highlight: Vigilance has registered a case against the league leader for bank Fraud