വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റം: വിജിലന്‍സ് അന്വേഷിക്കും
Kerala News
വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റം: വിജിലന്‍സ് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 9:45 am

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വ്യാജസര്‍ട്ടഫിക്കറ്റുകള്‍ ഉപയോഗിച്ച് സ്ഥാനക്കയറ്റം നേടിയത് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പലരും സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണിത്. ദേവസ്വം വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, ദേവസ്വം സെക്രട്ടറി, ദേവസ്വം ബോര്‍ഡ് അംഗം എന്നിവര്‍ ഉള്‍പ്പെടുന്ന ദേവസ്വം പ്രൊമോഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സ്ഥാനക്കയറ്റം നടക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ മുതല്‍ മുകളിലേക്കുള്ള തസ്തികകളിലേക്കാണ് സ്ഥാനക്കയറ്റം.

ഇതിന്റെ ചട്ടങ്ങളില്‍ ഓരോ തസ്തികയ്ക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍, ബാധ്യതകള്‍ ഉള്ളവര്‍ എന്നിവര്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹരല്ലെന്ന് ചട്ടങ്ങളില്‍ പറയുന്നുണ്ട്. ഇതുമൂലം നിരവധിപേരെ ലിസ്റ്റില്‍ നിന്ന് ഡി.പി.സി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുമായി വന്നത്.

എസ്.എസ്.എല്‍.സിക്ക് പകരം തുല്യതാ പരീക്ഷ എഴുതിയവര്‍ വരെ താഴ്ന്ന തസ്തികകളില്‍ സ്ഥാനക്കയറ്റം നേടിയതായാണ് പരാതി. ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയ ആള്‍ക്കെതിരെയും ഏറ്റവുമൊടുവില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറായ ഇയാള്‍ അരുണാചല്‍ പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് ഡിഗ്രി എടുത്തത്. ഇതിന് കേരളാ സര്‍വകലാശാലയുടെ അംഗീകാരമില്ല.

ഇതുള്‍പ്പെടുയുള്ള സ്ഥാനക്കയറ്റം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് റിട്ട. ഫിനാന്‍സ് കമ്മീഷണര്‍ ജി. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ദേവസ്വം വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Content Highlight: Vigilance enquiry on Travancore Devaswom board for using fake certificates for promotion