ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. മലയാളത്തിലെ ആദ്യചിത്രം മുടങ്ങിയതിന് ശേഷം ബോളിവുഡിലേക്ക് ചുവടുവെച്ച വിദ്യ പിന്നീട് വളരെ പെട്ടെന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കി.
ആദ്യചിത്രമായ ചക്രം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. മലയാളിയാണെങ്കിലും താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നെന്നും കേരളത്തില്‍ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിദ്യ ബാലന്‍ പറഞ്ഞു. സിനിമാലോകത്തേക്കുള്ള എന്‍ട്രി തന്നെ മലയാളത്തിലൂടെയായതില്‍ താന്‍ വളരെ സന്തോഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചക്രം സിനിമയുടെ ഷൂട്ടിനിടയില്‍ ഒരുപാട് ദിവസം ബ്രേക്ക് വന്നെന്നും മോഹന്‍ലാലും സംവിധായകനും തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണമായിരുന്നു ഷൂട്ട് നടക്കാതിരുന്നതെന്നും വിദ്യ ബാലന്‍ പറയുന്നു. തന്നെ വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് ആ സിനിമയുടെ ക്രൂ പറഞ്ഞുവിട്ടെന്നും തിരിച്ചെത്തിയപ്പോള്‍ തന്നെത്തേടി ഒരുപാട് സിനിമകളില്‍ നിന്ന് അവസരം വന്നെന്നും താരം പറഞ്ഞു. റോഡ്രിഗോ കനേലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘മലയാളത്തില്‍ കൂടുതലായും നായികമാരായി തെരഞ്ഞെടുത്തിരുന്നത് അന്യഭാഷയിലെ നടിമാരെയായിരുന്നു. പുതിയ ആളുകള്‍ക്ക് മലയാളസിനിമ വലിയൊരു സാധ്യതയായിരുന്നു. ചക്രം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ അതില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. മലയാളിയാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു. ആദ്യസിനിമ മലയാളത്തിനായതിനാല്‍ ഞാന്‍ വളരെ ത്രില്ലിലായിരുന്നു.
എന്നാല്‍ ഷൂട്ട് തുടങ്ങിയതിന് ശേഷം മോഹന്‍ലാലും സംവിധായകനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പല ദിവസവും ഷൂട്ടില്ലെന്ന് പറഞ്ഞ് ബ്രേക്ക് തന്നിരുന്നു. സിനിമയെക്കുറിച്ച് വലിയ ബോധ്യമില്ലാത്തതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കിയില്ല. ‘നിങ്ങള്‍ നാട്ടിലേക്ക് പൊയ്‌ക്കോളൂ, ഷൂട്ട് തുടങ്ങുമ്പോള്‍ വിളിക്കാം’ എന്ന് പറഞ്ഞ് അവര്‍ എന്നെ തിരിച്ചയച്ചു.
മുംബൈയിലെത്തിയപ്പോള്‍ എനിക്ക് ഒരുപാട് സിനിമകളില്‍ നിന്ന് ഓഫറുകള്‍ വന്നു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ചക്രം സിനിമ ഉപേക്ഷിച്ചെന്ന് കേട്ടു. മോഹന്‍ലാലും ആ സിനിമയുടെ സംവിധായകനും എട്ട് സിനിമകളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിലൊന്നും ഒരു കുഴപ്പവുമുണ്ടായില്ല. ഈ സിനിമ മുടങ്ങാന്‍ ഞാനാണ് കാരണമെന്ന് പലരും വിചാരിച്ചു. എന്നെത്തേടി വന്ന എട്ടോളം സിനിമകള്‍ നഷ്ടമായി,’ വിദ്യ ബാലന്‍ പറഞ്ഞു.
Content Highlight: Vidya Balan shares her experience after Chakram movie got shelved