ആ കഥാപാത്രം വളരെയധികം സ്വാധീനിച്ചു; അത് എന്നെ ധൈര്യശാലിയാക്കി: വിദ്യാബാലന്‍
Malayalam Cinema
ആ കഥാപാത്രം വളരെയധികം സ്വാധീനിച്ചു; അത് എന്നെ ധൈര്യശാലിയാക്കി: വിദ്യാബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th October 2025, 5:12 pm

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ സില്‍ക്ക് സ്മിത എന്ന കഥാപാത്രം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് നടി വിദ്യാബാലന്‍. ഓരോ കഥാപാത്രത്തില്‍ നിന്നും താന്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിലും ഈ കഥാപാത്രമാണ് തന്നെ വളരെയധികം സ്വാധീനിച്ചതെന്ന് വിദ്യ പറഞ്ഞു. ഗൃഹശോഭ മാസികയോട് സംസാരിക്കുകയായിരുന്നു നടി.

‘കരിയറിലും അല്ലാതെയും, സില്‍ക്കിന്റെ വേഷം എന്നെ കുറച്ച് ധൈര്യശാലിയാക്കി. ഈ വേഷം ചെയ്യുന്നതിന് മുമ്പ് ഞാന്‍ അല്‍പം ലജ്ജയുള്ള കൂട്ടത്തിലായിരുന്നു. എന്റെ ശരീരഭാരം കാരണം എനിക്ക് അതിന് മടിയുമായിരുന്നു. എന്നാല്‍ സില്‍ക്കിന്റെ വേഷം ചെയ്തതിനുശേഷം എനിക്ക് സ്വമേധയാ എന്നില്‍ വിശ്വാസമുണ്ടായി,’വിദ്യാബാലന്‍ പറഞ്ഞു.

തനിക്ക് തന്നോട് തന്നെ സ്‌നേഹം തോന്നിയെന്നും പരിണീത തന്റെ കരിയറിന്റെ തുടക്കമായിരുന്നുവെന്നും ഈ ചിത്രവും തന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണെന്നും വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.

രജത് അറോറയുടെ തിരക്കഥയില്‍ മിലാന്‍ യുത്രിയ സംവിധാനം ചെയ്ത 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡേര്‍ട്ടി പിക്ച്ചര്‍. നടി സില്‍ക്ക് സ്മിതയുടെ ജീവിത്തില്‍ നിന്ന് പ്രചോദനമായ ചിത്രത്തില്‍ വിദ്യാബാലനാണ് പ്രധാനവേഷത്തിലെത്തിയത്. സിനിമയില്‍ ഇമ്രാന്‍ ഹാഷ്മി, നസറുദ്ദീന്‍ ഷാ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന്‍ ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് വളരെ പെട്ടെന്നാണ് വിദ്യ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കിയിട്ടുണ്ട്.

ontent highlight: Vidya Balan says that the character Silk Smitha in the film The Dirty Picture has influenced her a lot