ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും വഴിത്തിരിവായത് ആ ചിത്രം: വിദ്യ ബാലന്‍
Indian Cinema
ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും വഴിത്തിരിവായത് ആ ചിത്രം: വിദ്യ ബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 9:21 am

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. 2005 ല്‍ റിലീസായ പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ ആദ്യ സിനിമയിലൂടെത്തന്നെ ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളായി മാറാന്‍ വിദ്യ ബാലന് കഴിഞ്ഞു.

ഇരുപത് വര്‍ഷത്തിലേറെയായി തുടരുന്ന കരിയറില്‍ അവര്‍ ചെയ്ത വേഷങ്ങളെല്ലാം അഭിനയ പ്രാധാന്യമുള്ളതാണ്. ഇപ്പോള്‍ തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. തനിക്ക് ലഭിച്ച ഓരോ കഥാപാത്രത്തോടും താന്‍ നന്ദിയുള്ളവളാണെന്ന് വിദ്യ ബാലന്‍ പറയുന്നു. ആദ്യചിത്രമായ പരിണീതയാണ് എല്ലാത്തിനും വഴിത്തിരിവായതെന്നും അവര്‍ പറഞ്ഞു. പീകോക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ.

‘നല്ല ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഭാഗ്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. സംവിധായകരും മികച്ച ടീമുകളും ഉള്‍പ്പെടെ എല്ലാവരെയും ഞാന്‍ ആദരവോടെയാണ് നോക്കിക്കാണുള്ളത്. എന്നാല്‍ മറ്റെന്തിനേക്കാളും എന്റെ ഭാഗ്യമെന്ന് ഞാന്‍ കരുതുന്നത് എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ച കഥാപാത്രങ്ങളായിരുന്നു. ഓരോ തവണയും വ്യത്യസ്തയായ ഒരാളെ അവതരിപ്പിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്റെ കരിയറില്‍ ഉടനീളം ആ അവസരങ്ങള്‍ എന്നെ തേടി വന്നു. അതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.

പരിണീത എന്ന സിനിമയാണ് പിന്നീട് സംഭവിച്ച എല്ലാത്തിനും ഒരു വഴിത്തിരിവ് നല്‍കിയത്. ആ ചിത്രത്തിന് ഞാന്‍ എപ്പോഴും നന്ദിയുള്ളവളായിരിക്കും. എന്റെ ആദ്യ പ്രൊജക്ട് തന്നെ അഭിനയ പ്രാധാന്യമുള്ളതായിരുന്നു. എനിക്ക് അതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കഴിയില്ല. ആ സിനിമ എന്നെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുകയും വളരെ നല്ലൊരു കരിയറിന് വഴിയൊരുക്കുകയും ചെയ്തു.

ഈ 20 വര്‍ഷത്തിനിടയില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, ജീവിതത്തിന്റെ വിവിധ തുറകളിലുള്ള, വ്യത്യസ്ത സമയങ്ങളില്‍ നിന്നുള്ള സ്ത്രീകളെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞാന്‍ അവതരിപ്പിച്ച ഓരോ വേഷവും വ്യത്യസ്തമാണെങ്കിലും ആ സ്ത്രീകളെയെല്ലാം ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു കോമണ് ത്രെഡ് ഉണ്ടെന്ന് തോന്നുന്നു. ഒരു തരത്തില്‍ ആ ത്രെഡ് നമ്മുടെ സമൂഹത്തിലെ സ്ത്രീകളില്‍ എല്ലാമാണ് ബന്ധിപ്പിക്കുന്നതെന്നും എനിക്ക് തോന്നുന്നു,’ വിദ്യ ബാലന്‍ പറയുന്നു.

Content Highlight: Vidhya Balan Talks About Parineeta Movie