വിദ്യ ബാലനും ഷാഹിദ് കപൂറും നായികാ നായകന്മാരായെത്തിയ ചിത്രമാണ് കിസ്മത്ത് കണക്ഷന്‍. 2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അസീസ് മിര്‍സ ആയിരുന്നു. ആര്‍കിടെക്ട്ടും പ്രണയത്തില്‍ വിശ്വാസമില്ലാത്ത സോഷ്യല്‍ വര്‍ക്കറും തമ്മിലുള്ള പ്രണയ കഥയായിരുന്നു ചിത്രം പറഞ്ഞത്. മികച്ച ഗാനങ്ങള്‍ ഉള്ള ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ചെറുപ്പമായി തോന്നാന്‍ തന്നോട് ഭാരം കുറക്കാന്‍ പറഞ്ഞിരുന്നുവെന്ന് വിദ്യ ബാലന്‍ പറയുന്നു. തനിക്ക് ഷാഹിദിനെക്കാള്‍ രണ്ട് വയസ് കൂടുതലാണെന്നും തടിയുണ്ടെങ്കില്‍ പ്രായം സ്‌ക്രീനില്‍ അറിയുമെന്നും അയാള്‍ പറഞ്ഞെന്നും വിദ്യ പറഞ്ഞു.
ചില നടന്മാരുടെ കൂടെ അഭിനയിക്കണമെങ്കില്‍ നായികമാര്‍ക്ക് നായകന്മാരെക്കാള്‍ ചെറുപ്പം തോന്നണമെന്ന് ഒരു അലിഖിത നിയമമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.
‘കിസ്മത്ത് കണക്ഷന്‍ ചെയ്യുന്നതിന് മുമ്പ് ഒരാള്‍ എന്നെ വിളിച്ച് ഷാഹിദ് കപൂര്‍ നിങ്ങളേക്കാള്‍ രണ്ട് വയസ് കുറവാണെന്ന് പറഞ്ഞു. നിങ്ങളാണ് അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ ശരീരഭാരം കുറയ്ക്കുകയും ഷാഹിദിനെക്കാള്‍ പ്രായം കുറഞ്ഞതായി തോന്നുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് പറഞ്ഞു,’ വിദ്യ ബാലന്‍ പറയുന്നു.
എന്നാല്‍ ഇന്ന് ലോകം മാറിയെന്നും പ്രായം കുറഞ്ഞ നായികയെ തന്നെ പ്രേമിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
അനീസ് ബസ്മിയുടെ ഭൂല്‍ ഭുലയ്യ 3 എന്ന സിനിമയാണ് വിദ്യയുടേതായി അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും മാധുരി ദീക്ഷിതിനുമൊപ്പം മഞ്ജുലിക എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി ശരീരഭാരം ഗണ്യമായി കുറച്ചതിന്റെ പേരില്‍ വിദ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡയറ്റ് ഉപയോഗിച്ചാണ് വിദ്യ ശരീരഭാരം കുറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.