ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. ഒരിക്കല്‍ ഒരു സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ കൂടെയുള്ള നടന്‍ പല്ല് തേക്കാതെയാണ് അഭിനയിച്ചതെന്ന് നടി പറയുന്നു.
പരിണീത എന്ന സിനിമയില്‍ സഞ്ജയ് ദത്തിനോടൊപ്പം ഇന്റിമേറ്റ് സീന്‍ ചെയ്തപ്പോള്‍ അദ്ദേഹം തന്നെ വളരെയേറെ കംഫര്‍ട്ട് ആകിയതിന് ശേഷമാണ് അഭിനയിച്ചതെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.
‘ഒരു സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ എന്റെ കൂടെയുള്ള നടന്‍ പല്ല് തേച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ നടന്‍ പല്ല് തേച്ചിട്ടില്ലായിരുന്നു. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. അദ്ദേഹത്തിന് ഒരു പാര്‍ട്ണര്‍ ഇല്ലേ? ഇങ്ങനെയാണോ അവരോട് പെരുമാറുക? എന്നൊക്കെ എനിക്ക് തോന്നിപോയി.
അതുപോലതന്നെ പരിണീത എന്ന സിനിമ ചെയ്യുമ്പോള്‍ സഞ്ജയ് ദത്തിന്റെ കൂടെ എനിക്കൊരു ഇന്റിമേറ്റ് സീന്‍ ഉണ്ടായിരുന്നു. അദ്ദേഹം അന്ന് രാവിലെ എന്റെ അടുത്തേക്ക് വന്നിട്ട് ‘വിദ്യ.. ഞാന്‍ ഭയങ്കര നെര്‍വസ് ആണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എന്നേക്കാള്‍ എത്രയോ സീനിയര്‍ ആയിട്ടുള്ള നടനാണ് അദ്ദേഹം. സഞ്ജയ് ദത്ത് എല്ലാരീതിയിലും തയ്യാറെടുത്തിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അദ്ദേഹത്തിന് ഒരു സീന്‍ അഭിനയിക്കുന്നതിന് മുമ്പ് ഭയം തോന്നുന്നു.
അദ്ദേഹം അത് പറഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കാരണം ഞാനും ആ ഒരു അവസ്ഥയില്‍ ഇരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ ഇന്റിമേറ്റ് സീനായിരുന്നു അത്. നമ്മുടെ ഒരു ഭാഗം എക്‌സ്‌പോസ് ചെയ്യപ്പെടുകയാണെന്ന തോന്നല്‍ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും.
പക്ഷെ സഞ്ജയ് ദത്ത് എന്നെ നന്നായി കംഫര്‍ട്ട് ആക്കി. ആ ദിവസത്തിന്റെ അവസാനം ഷൂട്ട് കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ അദ്ദേഹം വന്ന് എന്നോട് ഞാന്‍ ഓക്കേ ആണോയെന്ന് ചോദിച്ചു. ഞാന്‍ ഓക്കേ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ നെറ്റിയില്‍ ചുംബിച്ചിട്ട് പോയി. അതാണ് സജയ് ദത്തിനെ സഞ്ജയ് ദത്ത് ആക്കുന്നത്,’ വിദ്യ ബാലന്‍ പറയുന്നു.