ഹില്‍സ്റ്റേഷനില്‍ രണ്ട് കാമുകി കാമുകന്‍മാര്‍ സ്വകാര്യം പറയുന്നതുപോലെ ആ പാട്ട് പാടണം എന്നാണ് എന്നോട് പറഞ്ഞത്: വിധു പ്രതാപ്
Vidhu Prathap
ഹില്‍സ്റ്റേഷനില്‍ രണ്ട് കാമുകി കാമുകന്‍മാര്‍ സ്വകാര്യം പറയുന്നതുപോലെ ആ പാട്ട് പാടണം എന്നാണ് എന്നോട് പറഞ്ഞത്: വിധു പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 5:00 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഗായകനാണ് വിധു പ്രതാപ്. സുഖമാണീ നിലാവ്, കാറ്റാടി തണലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ്.

മലയാള സിനിമയില്‍ ഒരുമിച്ച് കരിയര്‍ തുടങ്ങിയ ആളുകളാണ് വിധു പ്രതാപും, ജ്യോത്സ്‌നയും. ഇരുവരും ചേര്‍ന്ന് ആലപിച്ച് ഹിറ്റായതാണ് നമ്മള്‍ സിനിമയിലെ സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനം. കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതന്‍, വിഷ്ണു രാഘവ്, രേണുക മേനോന്‍, ഭാവന, സുഹാസിനി തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. മോഹന്‍ സിതാര ഈണമിട്ട ഈ ഗാനത്തിന് വരികള്‍ നല്‍കിയത് കൈതപ്രം ആയിരുന്നു.

ഇപ്പോള്‍ പാട്ടിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിധു പ്രതാപ്. ഒരു ഹില്‍ സ്റ്റേഷനില് രണ്ട് കൗമാരക്കാര്‍ അടുത്തിരുന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതുപോലെ ഈ പാട്ട് പാടണമെന്നാണ് മോഹന്‍ സിതാര തന്റെയെടുത്ത് പറഞ്ഞതെന്നും കുറച്ചൊന്നു ലൗഡായാല്‍ കുറക്കാന്‍ വേണ്ടി അദ്ദേഹം പറയുമെന്നും വിധു കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ചേതനാ സ്റ്റുഡിയോയില്‍ വെച്ചാണ് താന്‍ ഈ ഗാനം പാടിയതെന്നും എല്ലാംതന്നെ ഇപ്പോഴും താന്‍ ഓര്‍ക്കുന്നുണ്ടെന്നും വിധു പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് കൗമാരക്കാര്‍ ഹില്‍ സ്റ്റേഷനില്‍ തൊട്ടടുത്ത് ചേര്‍ന്നിരുന്ന് ചെവിയില്‍ സ്വകാര്യം പറയുന്ന രീതിയിലായിരിക്കണം ആ പാട്ട് പാടാന്‍ എന്നാണ് എന്റെയടുത്ത് പറഞ്ഞത്. അത് പാടാന്‍ നേരത്ത് വല്ലാതെ ഓപ്പണ്‍ ആകുമ്പോള്‍ ‘അത്രയും വേണ്ട’ കുറയ്ക്കാന്‍ പറയും. അങ്ങനെയാണ് അത് പാടിയത്. തൃശൂര്‍ ചേതനാ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ പാട്ട് പാടുന്നത്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ ഓര്‍മകളൊക്കെ പെട്ടന്ന് ഫ്‌ലാഷ് പോലെ മനസിലേക്ക് വരും,’വിധു പ്രതാപ് പറയുന്നു.

Content Highlight: Vidhu Pratap talks about the song Sukhmanee Nilavu from nammal movie