പൃഥ്വിരാജിന്റെ ശബ്ദവുമായി എന്റെ ശബ്ദത്തിന് സാമ്യമുണ്ടെന്ന് അന്ന് പലരും പറഞ്ഞു:വിധു പ്രതാപ്
Malayalam Cinema
പൃഥ്വിരാജിന്റെ ശബ്ദവുമായി എന്റെ ശബ്ദത്തിന് സാമ്യമുണ്ടെന്ന് അന്ന് പലരും പറഞ്ഞു:വിധു പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th July 2025, 5:44 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഗായകനാണ് വിധു പ്രതാപ്. സുഖമാണീ നിലാവ്, കാറ്റാടി തണലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ്. പൃഥ്വിരാജിന്റെ സിനിമകളില്‍ നിരവധി ഗാനങ്ങള്‍ വിധു പാടിയിട്ടുണ്ട്. സ്വപ്‌നക്കൂടിലെ മറക്കാം എല്ലാം മറക്കാം, വാസ്തവം എന്ന ചിത്രത്തിലെ അരപ്പവന്‍ പൊന്നുകൊണ്ട് എന്നീ ഗാനങ്ങള്‍ ഇതിന് ഉദാഹരണമാണ്.

പൃഥ്വിരാജ് ചിത്രമായ കഥ എന്ന സിനിമയിലെ ഗാനമാണ് മഴയുള്ള രാത്രിയില്‍. ഔസേപ്പച്ചനാണ് പാട്ടിന് സംഗീതം നല്‍കിയത്. ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ വിധു പ്രതാപ്. പൃഥ്വിരാജിന് വേണ്ടി ഒരുപാട് പാട്ടുകള്‍ പാടാന്‍ കഴിഞ്ഞുവെന്നും ആ സമയത്ത് താന്‍ കേട്ട ഏറ്റവും വലിയ കോപ്ലിമെന്റാണ് പൃഥ്വിരാജിന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിന് സാമ്യമുണ്ടെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഥ എന്ന സിനിമയിറങ്ങിയപ്പോള്‍ ഏറ്റവും മൈലേജ് കിട്ടിയ വ്യക്തിയാണ് താനെന്നും തന്റെ കരിയറില്‍ ഒരു ബ്രേക്ക് തന്ന പാട്ടാണ് മഴയുള്ള രാത്രിയെന്നും വിധു പ്രതാപ് പറഞ്ഞു. ഔസേപ്പച്ചന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എളുപ്പമാണെന്നും അദ്ദേഹം കൃത്യമായി സംഗതികളൊക്കെ പറഞ്ഞുതരുമെന്നും വിധു പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിക്ക് വേണ്ടി ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടി. ആ സമയത്ത് ഞാന്‍ കേട്ട ഒരു വലിയ കോപ്ലിമെന്റായിരുന്നു, പൃഥ്വിരാജിന്റെ ശബ്ദവുമായി വിധു പ്രതാപിന്റെ ശബ്ദത്തിന് സാമ്യമുണ്ട് എന്ന്. അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകള്‍ പാട്ടിയിട്ടുണ്ട്. കഥ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ മൈലേജ് കിട്ടിയ ആളാണ് ഞാന്‍. കരിയറില്‍ എനിക്ക് ഏറ്റവു കൂടുതല്‍ ബ്രേക്ക് തന്ന പാട്ടാണ് അത്.

പിന്നെ എനിക്കൊരു ബുദ്ധിമുട്ടില്ലാത്തത്, ഔസേപ്പച്ചന്‍ സാര്‍ നന്നായി പാടും. അദ്ദേഹം വയലിനിസ്റ്റാണ്. അതുകൊണ്ട് അദ്ദേഹം പാടുന്നത് അതേപോലെ പാടിയാല്‍ മതി. വേറെ എക്‌സ്ട്രാ ഒന്നും കൊടുക്കേണ്ടതില്ല. ആ സംഗതികള്‍ കൃത്യമായിട്ട് പറഞ്ഞുതരും,’വിധു പ്രതാപ് പറയുന്നു.

Content Highlight:  Vidhu Pratap says that Many people said that my voice was similar to Prithviraj’s voice