പൊലീസ് സാന്നിദ്ധ്യത്തില്‍ യുവതിക്കും യുവാവിനും നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; കുറ്റ്യാടിയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍
Kerala
പൊലീസ് സാന്നിദ്ധ്യത്തില്‍ യുവതിക്കും യുവാവിനും നേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; കുറ്റ്യാടിയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍
സിജൊ
Thursday, 18th June 2026, 9:28 pm

കോഴിക്കോട്: കുറ്റ്യാടിയില്‍ യുവാവിനും യുവതിക്കും നേരെ ആള്‍ക്കൂട്ടം ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. ഇരുവരെയും ആള്‍ക്കൂട്ടം വളയുന്നതിന്റെയും വിചാരണ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഈ വീഡിയോകളിലുണ്ട്.

പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതായും വീഡിയോയിലുണ്ട്. യുവാവിന്റെ കൈകളും കാലുകളും കെട്ടിയിട്ടുകൊണ്ട് ചുറ്റുമുള്ള ആള്‍ക്കൂട്ടം ഇയാളെ ചവിട്ടിത്തൊഴിക്കുന്നതും വീഡിയോയില്‍ കാണാം.

ചുറ്റും കൂടിയവരില്‍ പലരും സംഭവത്തിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ ആര്‍ത്ത് വിളിക്കുന്നതും വീഡിയോയില്‍ കാണാം.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടന്നത്. ആക്രമണത്തിനൊടുവില്‍ മര്‍ദ്ദനമേറ്റ യുവാവിനെ പൊലീസ് ആംബുലന്‍സിലേക്ക് കയറ്റിക്കൊണ്ടു പോവുമ്പോള്‍ ആള്‍ക്കൂട്ടം കൂക്കിവിളിക്കുന്നുമുണ്ട്.

‘കുറ്റ്യാടി മണിക്കൂറുകളുടെ ചേസിങ്ങില്‍ നാട്ടുകാരും പോലീസും കൂടി ഡ്രഗ്‌സ് വില്പനകാരെന്ന് സംശയിക്കുന്ന ഒരു സ്ത്രീയേയും പുരുഷനേയും പിടിക്കുന്നു’ എന്ന കാപ്ഷനോട് കൂടിയാണ് ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ‘എം.ഡി.എം.എ സംഘത്തെ നാട്ടുകാരും പൊലീസും ഇടിച്ച് തൂഫാനാക്കി’ എന്ന കാപ്ഷനോട് കൂടിയും ചിലര്‍ ഈ വീഡിയോ പങ്കുവച്ചു.

പൊലീസിന്റെ തൊട്ടു മുന്നില്‍ വച്ച് വരെ യുവതിയുടെ ശരീരത്തില്‍ കൈവയ്ക്കാനും ആക്രമിക്കാനും പുരുഷന്‍മാരുടെ കൂട്ടം ശ്രമിക്കുന്നതായും ഈ വീഡിയോകളില്‍ ഒന്നില്‍ കാണാം.

യുവതി ഒരു തുുണികൊണ്ട് മുഖം മറച്ചു പിടിച്ചപ്പോള്‍ അവളുടെ മുഖം കാണിക്ക് എന്ന് പലരും ആര്‍ത്ത് പറയുന്നുണ്ടായിരുന്നു. അസഭ്യ വര്‍ഷവും ആള്‍ക്കൂട്ടം ഈ യുവതിക്ക് നേരെ നടത്തി. മര്‍ദ്ദനത്തിനിടയില്‍ ഒരാള്‍ ഓപ്പറേഷന്‍ തൂഫാന്‍ എന്ന പേര് തമാശയായി ‘തൂപ്പറേഷന്‍ ഓഫാന്‍’ എന്ന് പറയുകയും അത് കേട്ട് ആള്‍ക്കൂട്ടത്തിലുള്ളവര്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതും ഈ വീഡിയോയിലുണ്ട്.

കാര്‍ ഓടിച്ച യുവാവ് കാപ്പ കേസ് പ്രതിയാണെന്നും ഇവരുടെ പക്കല്‍ ലഹരിമരുന്നുണ്ടെന്നും ആരോപിച്ചായിരുന്നു പരസ്യവിചാരണവുമെന്ന് ചില മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തില്‍ നിന്ന് ലഹരിമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അജ്മല്‍ എന്നാണ് മര്‍ദനമേറ്റ യുവാവിന്റെ പേരെന്നും ആക്രമണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയില്‍ പറയുന്നു. കുറ്റ്യാടി നീലേച്ചുകുന്നില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇന്നലെ മുതലാണ് സംഭവത്തിന്റെ വീഡിയോ വ്യാപകമായ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlight: Video of Mob Attacking a Women and a Man in front of Police at Kuttyadi, Kozhikode, Kerala