'കരണ്‍ ജോഹര്‍ എന്നെ പെടുത്തിയതാണ്'; ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് വിളിച്ചതിന് ഇമ്രാന്‍ ഹാഷ്മി മാപ്പ് പറഞ്ഞ വീഡിയോ വീണ്ടും പ്രചരിക്കുന്നു
Entertainment news
'കരണ്‍ ജോഹര്‍ എന്നെ പെടുത്തിയതാണ്'; ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് വിളിച്ചതിന് ഇമ്രാന്‍ ഹാഷ്മി മാപ്പ് പറഞ്ഞ വീഡിയോ വീണ്ടും പ്രചരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 11:15 am

ഐശ്വര്യ റായിയെ (Aishwarya Rai Bachchan) കുറിച്ച് സംസാരിക്കവെ താരത്തെ ‘പ്ലാസ്റ്റിക്’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചതിന് നടന്‍ ഇമ്രാന്‍ ഹാഷ്മി (Emraan Hashmi) മാപ്പ് പറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar) അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ (Koffee with Karan) എന്ന പരിപാടിയുടെ നാലാം സീസണിലെ ഒരു എപ്പിസോഡിലായിരുന്നു 2014ല്‍ ഇമ്രാന്‍ ഹാഷ്മിയുടെ വിവാദ പരാമര്‍ശം. പ്ലാസ്റ്റിക് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഏത് താരത്തിന്റെ പേരാണ് മനസിലേക്ക് വരുന്നത് എന്ന ചോദ്യത്തിനായിരുന്നു ഇമ്രാന്‍ ഐശ്വര്യയുടെ പേര് പറഞ്ഞത്.

എന്നാല്‍ അതേ വര്‍ഷം തന്നെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ ഇതിന് വിശദീകരണം നല്‍കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

കോഫി വിത്ത് കരണ്‍ പരിപാടിയിലെ ഗിഫ്റ്റ് ഹാംപര്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത്തരമൊരു കമന്റ് നടത്തിയതെന്നും ആ ‘പ്ലാസ്റ്റിക്’ പരാമര്‍ശത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചത് കരണ്‍ ജോഹര്‍ ആണെന്നുമായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

”ഞാന്‍ ശരിക്കും അത് ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞതല്ല. ഞാന്‍ ഐശ്വര്യയുടെ വലിയൊരു ആരാധകനാണ്. പക്ഷെ ആ ഷോയുടെ ഫോര്‍മാറ്റ് അങ്ങനെയാണ്.

അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്കെന്തെങ്കിലും മറുപടി പറയാതിരിക്കാനാവില്ല. ഞാന്‍ ഐശ്വര്യയെ വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ചെയ്ത വര്‍ക്കിനെയും ഞാന്‍ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.

ഞാന്‍ പറഞ്ഞത് ആളുകള്‍ വലിയ വിഷയമാക്കി എടുക്കുമെന്ന് എനിക്ക് നേരത്തെ തന്നെ തോന്നിയിരുന്നു. അതുകൊണ്ടിപ്പോള്‍ എന്താ, ആളുകള്‍ എല്ലായ്‌പ്പോഴും എന്തെങ്കിലുമൊരു നോണ്‍സെന്‍സ് കാര്യത്തെ വെറുതെ ഊതിവീര്‍പ്പിക്കും,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട് സൂം ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍, ‘അത് ആ ഷോയുടെ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ പറയാന്‍ വേണ്ടി കരണ്‍ ജോഹര്‍ നമ്മളെ തള്ളിവിടുകയാണ്,” എന്നായിരുന്നു ഇമ്രാന്‍ ഹഷ്മി പറഞ്ഞത്. താന്‍ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചതിനെയും ഇമ്രാന്‍ വിമര്‍ശിച്ചിരുന്നു.

വിഷയത്തില്‍ ഇമ്രാന്‍ മാപ്പ് പറഞ്ഞതിന്റെ വീഡിയോകള്‍ ഈയടുത്ത് റെഡ്ഡിറ്റില്‍ വീണ്ടും പോസ്റ്റ് ചെയ്തതോടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ കോഫി വിത്ത് കരണ്‍ പരിപാടിക്കെതിരെയും കരണ്‍ ജോഹറിനെതിരെയും വീണ്ടും വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.

‘പലരുടെയും കരിയറുകള്‍ അപകടത്തിലാക്കാനും നശിപ്പിക്കാനും കോഫി വിത്ത് കരണ്‍ പരിപാടിക്ക് സാധിക്കും,’ എന്ന തരത്തിലാണ് ആളുകളുടെ പ്രതികരണം. വിഷയത്തില്‍ ഐശ്വര്യ റായി പ്രതികരിക്കാതിരുന്നതിനെയും നെറ്റിസെണ്‍സ് പ്രകീര്‍ത്തിക്കുന്നുണ്ട്.

അതേസമയം, പ്രസ്തുത പരാമര്‍ശത്തിന് ശേഷം ഇമ്രാന്‍ ഒപ്പം അഭിനയിക്കുന്ന ഒരു പ്രോജക്ടില്‍ നിന്ന് ഐശ്വര്യ പിന്മാറിയിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നേരത്തെ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് മരിച്ച സമയത്തും കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവര്‍ക്കും കോഫി വിത്ത് കരണ്‍ പരിപാടിക്കുമെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സുശാന്തിനെയും അദ്ദേഹത്തിന്റെ അഭിനയത്തെയും കരിയറിനെയും അപമാനിക്കുന്ന തരത്തില്‍ ടോക്ക് ഷോയില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നതായിരുന്നു ഇവര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയരാന്‍ കാരണമായത്.

കോഫി വിത്ത് കരണിന്റെ ഏഴാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Content Highlight: Video of Emraan Hashmi apologised to Aishwarya Rai for calling her ‘plastic’ on Koffee with Karan, circulates on social media