ശ്രീലങ്കൻ സ്ഫോടനപരമ്പര: ചാവേറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
kERALA NEWS
ശ്രീലങ്കൻ സ്ഫോടനപരമ്പര: ചാവേറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 7:26 pm

കൊളംബോ: മുന്നൂറിലധികം മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയിലെ നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. സ്‌ഫോടകവസ്തുക്കളുമായി ചാവേർ സെന്റ് സെബാസ്റ്റ്യൻ പള്ളി ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.എട്ടിടത്തായി നടന്ന സ്‌ഫോടന പരമ്പരയില്‍ നിരവധി പേർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മാത്രം കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയിലെ പ്രാദേശിക ചാനലൽ സിയാത്താ ടിവിയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിടുന്നത്.

പള്ളിക്ക് പിറകിലായി ഒരു ബാഗുമായി ചാവേര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉളളത്. ഇയാൾ പളളിയുടെ മുന്‍വശത്തുകൂടി പളളിയിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനപരമ്പരയില്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നത് ഈ പളളിയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പളളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 321 പേരാണ് മരണമടഞ്ഞത്. സ്‌ഫോടനത്തിൽ 500 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ മുസ്‌ലിം പളളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരം എന്നോണമാണ് ഐ.എസ് സ്ഫോടനം നടത്തിയതെന്ന് ശ്രീലങ്കൻ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു . അതേസമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാൻ കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.