വിജയ് ഹസാരെ ട്രോഫിയില്‍ കിരീടം സ്വന്തമാക്കി വിദര്‍ഭ. ഇന്ന് ബി.സി.സി.ഐ എക്‌സലന്‍സില്‍ നടന്ന കലാശപ്പോരില്‍ സൗരാഷ്ട്രയെ വീഴ്ത്തിയാണ് ടീം കന്നി കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ 38 റണ്‍സാണ് ടീമിന്റെ വിജയം. അഥര്‍വ തൈഡെയുടെയും യാഷ് താക്കൂറിന്റെയും കരുത്തിലാണ് ടീം ജേതാക്കളായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 318 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി. ഇതുപിന്തുടര്‍ന്ന സൗരാഷ്ട്ര 48.5 ഓവറില്‍ 279 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ വിദര്‍ഭ തങ്ങളുടെ ആദ്യ വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിട്ടു.
ഓപ്പണര്‍ അഥര്‍വ തൈഡെയുടെ സെഞ്ച്വറി കരുത്തിലാണ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. താരം 118 പന്തില്‍ മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പടെ 128 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. കൂടാതെ താരം ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും രണ്ടാം വിക്കറ്റില്‍ 100+ കൂട്ടുകെട്ടും പടുത്തുയര്‍ത്തി ടീമിന് കരുത്തായി.
അഥര്‍വയ്ക്ക് പുറമെ, യഷ് റാത്തോടാണ് മികച്ച പ്രകടനം നടത്തിയത്. താരം 61 പന്തില്‍ 54 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം അമന്‍ മൊഖഡെ 45 പന്തില്‍ 33 റണ്‍സും രവികുമാര്‍ സമര്‍ത് 21 പന്തില്‍ 25 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങില്‍ സൗരാഷ്ട്രക്കായി പ്രേരക് മങ്കാദും ചിരാഗ് ജനിയും അര്‍ധ സെഞ്ച്വറി നേടി പ്രേരക് 92 പന്തില്‍ 88 റണ്‍സെടുത്തപ്പോള്‍ ജനി 63 പന്തില്‍ 64 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്ക് പുറമെ, നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതാണ് ടീമിന് വിനയായത്.
വാലറ്റം പാടെ നിരാശപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്രക്ക് മൂന്നാം കിരീടം എന്ന സ്വപ്നം അടിയറവ് പറയേണ്ടി വന്നു. അതോടെ വിദര്‍ഭ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കാന്‍ സാധിച്ചു.
വിദര്‍ബക്കായി യാഷ് താക്കൂര്‍ നാല് വിക്കറ്റ് പിഴുതു. നാചികേത് ഭൂട്ടെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദര്‍ശന്‍ നല്‍കണ്ടേ രണ്ട് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റുമായി ക്യാപ്റ്റന്‍ ഹര്‍ഷ് ദുബെയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
Content Highlight: Vidarbha clinched their maiden Vijay Hazare trophy by defeating Saurashtra