കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി
India
കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി
മുഹമ്മദ് നബീല്‍
Tuesday, 12th May 2026, 9:05 am

ബംഗളുരു: ക്രിമിനൽ കേസുകളിൽ കൂറുമാറുകയും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന ഇരകൾക്ക് സർക്കാരിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് കർണാടക ഹൈക്കോടതി.

സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ ഈ ഉത്തരവ്. വിചാരണ വേളയിൽ കൂറുമാറിയ, പീഡനത്തെ അതിജീവിച്ച വ്യക്തിക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിചാരണ കോടതിയുടെ നിർദേശത്തെയാണ് അതോറിറ്റി ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

വിചാരണ സമയത്ത് മൊഴിമാറ്റിപ്പറഞ്ഞതും, പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടതുമാണ് പ്രതിയെ വെറുതെവിടാൻ കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം ആനുകൂല്യം നൽകാൻ ശുപാർശ ചെയ്യാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യുന്നതിന് മുമ്പ് കേസിലെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാന്മാർ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. ശുപാർശകൾ യാന്ത്രികമായി അയച്ചുകൊടുക്കുന്ന വെറും ‘പോസ്റ്റ് ഓഫീസ്’ ആയി അവർ പ്രവർത്തിക്കാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

ശുപാർശകൾ നൽകുന്നതിന് മുമ്പ് കേസുകൾ കൃത്യമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകൾ ശരിയായി പരിഗണിക്കാതെയാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

ഇതനുസരിച്ച് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിലവിലെ കേസിലെ ഇര നഷ്ടപരിഹാര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹയല്ലെന്നും കോടതി വിധിച്ചു.

തുമകൂരു ജില്ലയിലെ ഹുലിയാരു പോലീസ് സ്റ്റേഷനിലാണ് ഇര കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ വേളയിൽ അതിജീവിത പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണാ വേളയിൽ ഇവർ നേരത്തെ നൽകിയ മൊഴി മാറ്റിപ്പറയുകയായിരുന്നു.

ഇര കൂറുമാറ്റിയതിനെ തുടർന്നാണ് ജില്ലാ കോടതി പ്രതിയെ കുറ്റ വിമുക്തനാക്കിയത്. എന്നിട്ടും ഇരയ്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ശുപാർശ ചെയ്തു. ഈ തീരുമാനത്തെ തുടർന്ന് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Victims who defect are not entitled to compensation: Karnataka High Court

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം