ബി.ജെ.പി ആക്രമണത്തിൽ ആറാം വയസിൽ കാൽ നഷ്ടപ്പെട്ട ഡോ. അസ്‌ന വിവാഹിതയായി
Kerala News
ബി.ജെ.പി ആക്രമണത്തിൽ ആറാം വയസിൽ കാൽ നഷ്ടപ്പെട്ട ഡോ. അസ്‌ന വിവാഹിതയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 9:20 am

കണ്ണൂർ: ആറാം വയസിൽ കണ്ണൂരിലെ ബി.ജെ.പി ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍ നടന്നത്. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട അസ്‌ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്.

2000 സെപ്റ്റംബര്‍ 27ന്, തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇരയാണ് അസ്‌ന. അന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയുടെ നേരെയായിരുന്നു. ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ അസ്‌നയുടെ മാതാവ് ശാന്തക്കും സഹോദരൻ ആനന്ദിനും പരിക്കേറ്റിരുന്നു.

അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി.

ആശുപത്രി വാസം ഡോക്ടർ ആകാനുള്ള ആഗ്രഹം അസ്‌നയിൽ ശക്തമാക്കി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അസ്‌ന ചേർന്നു. ശാരീരിക പരിമിതികൾ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടായപ്പോൾ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് കോളേജ് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 38 ലക്ഷം രൂപ അനുവദിച്ചു. 2013ൽ അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കി.

2020 ഫെബ്രുവരി ആറിന്, സ്വന്തം നാട്ടിൽ തന്നെ ഡോക്ടറാകുക എന്ന സ്വപ്നം അസ്ന സാക്ഷാത്കരിച്ചു. പിന്നീട് അതേ കോളേജിൽ നിന്ന് നേത്രചികിത്സയിൽ സ്പെഷ്യലൈസേഷൻ പൂർത്തിയാക്കിയ അവർ കണ്ണൂരിനടുത്തുള്ള ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 2025 ജനുവരിയിൽ വടകരയിലെ ക്ലിനിക്കിലേക്ക് അസ്‌ന മാറി.

 

Content Highlight: Victim of violent politics; Dr. Asna, who lost her leg in a bomb attack at the age of six, gets married