മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് വൈസ് ചാന്‍സിലറുടെ വിചിത്ര ഉത്തരവ്‌
Kerala
മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് വൈസ് ചാന്‍സിലറുടെ വിചിത്ര ഉത്തരവ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 9:59 am

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ നിയമനത്തെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചുകൊണ്ട് താത്കാലിക വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി.

കെ.എസ് അനില്‍ കുമാറിന് പകരമായാണ് മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്. മിനി കാപ്പന്‍ ഇന്ന് ചുമതലയേല്‍ക്കും എന്നാണ് സൂചന.

പ്രതിഷേധങ്ങള്‍ കാരണം മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച ഉത്തരവ് പുറത്തിറക്കാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സാധിച്ചിരുന്നില്ല. അഡ്മിനിസ്‌ട്രേഷന്‍ ജോയന്റ് രജിസ്ട്രാറായിട്ടുള്ള പി. ഹരികുമാറിന്റെ ചുമതല ഹേമ ആനന്ദിന് ഇന്നലെ താത്കാലിക വി.സി ഇന്‍ ചാര്‍ജായ സിസി തോമസ് നല്‍കിയിരുന്നു. നിലവില്‍ അക്കാദമിക് വിഭാഗം ജോയന്റ് രജിസ്ട്രാറാണ് മിനി കാപ്പന്‍.

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാല ആസ്ഥാനത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന്‌ എ.ഐ.എസ്.എഫിന്റേയും ഡി.വൈ.എഫ്.ഐയുടേയും പ്രതിഷേധ മാര്‍ച്ച് സര്‍വകലാശാലയിലേക്ക് നടക്കും. രജിസ്ട്രാറുടെ റൂമിന് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വി.സി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിന്‍ഡിക്കേറ്റിന്റെ പൂര്‍ണ പിന്തുണ കെ.എസ് അനില്‍കുമാറിന് ഉള്ളപ്പോഴാണ് പുതിയ രജിസ്ട്രാറെ വി.സി നിയമിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനിലായതിനാല്‍ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് കെ.എസ് അനില്‍കുമാറിന് വി.സി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് അദ്ദേഹം സര്‍വകലാശാലയിലെത്തി. ജൂലായ് ആറിന് വി.സിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല എന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാവുമെന്നുമാണ് വി.സിയുടെ മുന്നറിയിപ്പ്.

എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ചുമതലയില്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നാണ് കെ.എസ്. അനില്‍കുമാറിന്റെ വാദം. തന്റെ നിയമനം സിന്‍ഡിക്കേറ്റിന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും സിന്‍ഡിക്കേറ്റ് തീരുമാനിക്കും വരെ ചുമതലയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Vice Chancellor issues order appointing Mini Kappan as Kerala University Registrar