ഡിവില്ലിയേഴ്‌സിനേയും വെട്ടി ഇന്ത്യന്‍ സൂപ്പര്‍ കിഡ്; ഇനി ഇവന്‍ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍
Sports News
ഡിവില്ലിയേഴ്‌സിനേയും വെട്ടി ഇന്ത്യന്‍ സൂപ്പര്‍ കിഡ്; ഇനി ഇവന്‍ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 24th December 2025, 3:46 pm

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറും അരുണാചല്‍ പ്രദേശും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ബീഹാര്‍ നേടിയത്. ലിസ്റ്റ് എ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറാണിത്.

ബീഹാറിന് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശിയും ക്യാപ്റ്റന്‍ സാക്കിബ് ഗാനിയുമാണ്. 84 പന്തില്‍ നിന്ന് 15 സിക്‌സും 16 ഫോറും ഉള്‍പ്പെടെ 190 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 226.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്. വെറും 10 റണ്‍സ് അകലെയാണ് വൈഭവിന് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.വൈഭവ് സൂര്യവംശി, Photo: Mufaddal Vohra/x.com

വെറും 36 പന്തിലായിരുന്നു വൈഭവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് വൈഭവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്‌സിനെ മറികടന്നാണ് വൈഭവ് ഒന്നാമനായത്.

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, എതിരാളി, പന്ത്, വര്‍ഷം

വൈഭവ് സൂര്യവംശി – അരുണാചല്‍ പ്രദേശ് – 59 – 2025

എ.ബി ഡി വില്ലിയേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 64 – 2015

ജോസ് ബട്‌ലര്‍ – നെതര്‍ലാന്‍ഡ് – 65 – 2022

വൈഭവിന് പുറമെ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് ക്യാപ്റ്റന്‍ സാക്കിബ് ഗാനി വെറും 40 പന്തില്‍ നിന്ന് 12 സിക്സും 10 ഫോറും അടക്കം 128 റണ്‍സ് നേടി. 320 എന്ന ഗംഭീര സ്ട്രൈക്ക് റേറ്റും ഗാനി സ്വന്തമാക്കി.

നിലവില്‍ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശ് 26 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 28 റണ്‍സ് നേടിയ ടെക്കി നെറിയും, 10 റണ്‍സ് നേടിയ കംഷാ യങ്‌ഫോയുമാണ് ക്രീസിലുള്ളത്.

Content Highlight: Vibhav Suryavanshi In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ