കയ്യേറ്റ ഭൂമിയിലെ അമ്പലം പൊളിച്ചു; പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത്
national news
കയ്യേറ്റ ഭൂമിയിലെ അമ്പലം പൊളിച്ചു; പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 6:29 pm

ന്യൂദല്‍ഹി: അനധികൃത സ്ഥലം കയ്യേറി നിര്‍മിച്ച ക്ഷേത്രം പൊളിച്ച് മാറ്റിയ ദല്‍ഹി വികസന ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍. കഴിഞ്ഞ ദിവസമാണ് ദല്‍ഹി കോര്‍പ്പറേഷന് കീഴിലുള്ള രാജേന്ദ്രര്‍ നഗറിലെ ശങ്കര്‍ റോഡിന് സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രം ഡി.ഡി.എ ഡിപ്പാര്‍ട്ട്‌മെന്റ് പൊളിച്ച് നീക്കാന്‍ തീരുമാനിക്കുന്നത്. വിവരമറിഞ്ഞ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

രോഷാകുലരായ പ്രവര്‍ത്തകര്‍ ബുള്‍ഡോസറിന് മുകളില്‍ കയറി പ്രതിഷേധിക്കുകയും നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹി സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നടപടികളുടെ ഭാഗമാണിതെന്നും അമ്പലം പൊളിക്കാന്‍ പാടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദല്‍ഹി സര്‍ക്കാരിന്റെ റിലീജ്യസ് കമ്മിറ്റിയുടെ അനുമതിയോടെയാണ് അമ്പലം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്നും സ്ഥലം കയ്യേറി അമ്പലം നിര്‍മിച്ചതിന് തെളിവുണ്ടെന്നും ഡി.ഡി.എ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു. ആവശ്യത്തിന് പൊലീസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് മേധാവിയും പറഞ്ഞു.

‘വ്യാഴാഴ്ച്ചയാണ് അമ്പലം പൊളിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. 40 ശതമാനത്തിന് മുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമാധാനപരമായിട്ട് തന്നെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതാണ്,’ പൊലീസ് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

വിവരമറിഞ്ഞ് നിരവധി ബി.ജെ.പി, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയത്. അരവിന്ദ് കെജ്‌രിവാളിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്ക് ഉദാഹരണമാണ് നടപടിയെന്ന് ബി.ജെ.പി ദല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത ആരോപിച്ചു.

Content Highlight: vhp protest against temple demolition in delhi