അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണം, ഇല്ലെങ്കില്‍ അന്തിമ തീരുമാനമെടുക്കും; വി.എച്ച്.പി
national news
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണം, ഇല്ലെങ്കില്‍ അന്തിമ തീരുമാനമെടുക്കും; വി.എച്ച്.പി
ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 8:24 am

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് വി.എച്ച്.പി രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ദ് നിത്യ ഗോപാല്‍ദാസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന വിശ്വഹിന്ദുപരിഷത്ത് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ വിധിവരുന്നതുവരെ കാത്തുനില്‍ക്കാനാവില്ലെന്നും പാര്‍ലമെന്റ് നിയമം കൊണ്ടവന്നില്ലെങ്കില്‍ ജനുവരിയില അലഹബാദില്‍ കുംഭമേളയോടനുബന്ധിച്ച് നടക്കുന്ന സന്യാസിമാരുടെ ധര്‍മ്മസന്‍സദ് അന്തിമ തീരുമാനമെടുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമം കൊണ്ടുവരാന്‍ എം.പിമാര്‍ വഴി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നിയമ നിര്‍മ്മാണത്തിനായി രാഷ്ട്രപതി ഇടപെടണമെന്നും വി.എച്ച്.പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക്കുമാര്‍, ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്രജെയിന്‍ തുടങ്ങിയവര്‍ പറഞ്ഞു.