“എഴുത്തെന്നത് ജലത്തിലേക്ക് അക്ഷരങ്ങളെ മീനുകള്‍ പോലെ വാരിയെറിയുന്ന പണിയാണെങ്കില്‍, ഓര്‍മ്മ എന്നത് ആ മത്സ്യങ്ങളെ നായാടി സ്വന്തമാക്കുന്ന മനസ്സിന്റെ വിരുതാണ്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പച്ചില തന്നിട്ടു പോയ എഴുത്തുകാരും അവരുടെ എഴുത്തുകളും അഭിവാദ്യമേറ്റു വാങ്ങുന്ന കുറിപ്പുകള്‍… കാലത്തിന്റെ വെളുത്ത കടലാസില്‍ അനിവാര്യമാകുന്ന വരയലുകള്‍… ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ വിഎച്ച് നിഷാദ് എഴുതുന്നു. ഓര്‍മ്മകളുടെ ഫോട്ടോസ്റ്റാറ്റ് “”
വായനയുടെ തിടമ്പേറ്റി അഹങ്കരിച്ചു നടക്കാന്‍ തുടങ്ങിയ ഒരു കാലത്താണ് മരങ്ങളുടെ ഭൂമിയില്‍ പാര്‍ക്കുന്ന ഞങ്ങളുടെ വീട്ടിലേക്ക് എപ്പോഴോ രണ്ടത്ഭുതങ്ങള്‍ ശബ്ദമില്ലാതെ കയറിവന്നത്. ഉമ്മകൊടുക്കാന്‍ തോനുന്ന ഇമ്പമുളള പഞ്ഞിക്കെട്ടുപോലെയുളള ഒരു പൂച്ചയായിരുന്നു ഇതില്‍ ഒന്നാമത്തെ അത്ഭുതം. പ്രീയപ്പെട്ട അന്നമ്മ ടീച്ചറുടെ വീട്ടില്‍ നിന്ന് തിളങ്ങുന്ന കണ്ണുകളും റോസ് നിറത്തിലുളള മൂക്കും നഖങ്ങളുമായി വന്ന ആ പൂച്ചനടത്തം ആസ്ബറ്റോസ് പതിഞ്ഞുകിടന്ന ഞങ്ങളുടെ കുഞ്ഞുവീട്ടില്‍ അവസാനിച്ചു.
രണ്ടാമത്തേത് ഒരു പുസ്തകമായിരുന്നു. ഏതോ ഗ്രന്ഥശാലയുടെ പഴയ അട്ടിയില്‍ നിന്ന് കുതറിക്കയറി ഏതൊക്കെയോ വഴികള്‍ സഞ്ചരിച്ച് വീട്ടിലെത്തിച്ചേര്‍ന്ന ഒരു സാധനം. അതിന്റെ കട്ടിയുളള ചട്ടവിടര്ത്തിയ നേരത്ത് വീട്ടിലെ പുതിയ വിരുന്നുകാരി ഉയര്‍ത്തിയത് റാലുളള ഒരു പൂച്ച മുരള്‍ച്ച പതിഞ്ഞ ശബ്ദത്തില്‍ എനിക്കുമാത്രം കേള്‍ക്കാമായിരുന്നു.
മാന്ത്രികപ്പൂച്ച എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. എഴുതിയത് വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീര്‍ എന്ന പേര് ആദ്യമായി അങ്ങനെ ഉളളില്‍ കയറിയത് ഈ രണ്ട് പൂച്ചകള്ക്കൊപ്പമാണ്. ബഷീറിന്റെ മാന്ത്രികപ്പൂച്ച ചെയ്ത അത്ഭുതങ്ങളില്‍ പലതും ഈ പൂച്ചയും വീട്ടില്‍ കാണിച്ചു. അവളുടെ പഞ്ഞിരോമങ്ങള്‍ കൊഴിഞ്ഞ് ഭക്ഷണം കഴിക്കാനാകാതെ ഇരുന്നിട്ടുണ്ട് പലപ്പൊഴും. എല്ലാത്തിനുമൊടുവില്‍ ബഷീറിന്റെ മാന്ത്രികപ്പൂച്ചയെന്ന പുസ്തകം അപ്രത്യക്ഷമായതുപോലെ എങ്ങോട്ടോ മറയുകയായിരുന്നു ഞങ്ങളുടെ ജീവിതക്കഥയിലെ ഈ പഞ്ഞിക്കെട്ടു പൂച്ചയും.
ഒരു പൂച്ചയെവെച്ചും കഥയെഴുതാനാകും എന്ന മാജിക്ക് അങ്ങനെ എന്നെ ആദ്യം പഠിപ്പിച്ചയാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. പൂച്ചയും കുഴിയാനയും പലതരം ജീവജാലങ്ങളും എങ്ങനെ ബഷീറിന്റെ പേനയില്‍ കയറിയിറങ്ങിയതെന്ന് എനിക്ക് അതിശയങ്ങള്തന്നു. ഞങ്ങളുടെ അയല്‍പ്പക്കത്തെ മൂത്തുമ്മയുടെ ആടിനെപ്പോലും പ്ലാവില കടിക്കുന്ന തത്വജ്ഞാനിയായി നോക്കാന്‍ ഞാന്‍ ആരംഭിച്ചത് പിന്നീട് പാത്തുമ്മയുടെ ആട് വായിച്ചതിനു ശേഷമാണ്.
ഒരു കൗമാരക്കാരനില്‍ ബഷീര്‍ ഈവിധത്തില്‍ ഒത്തിരി കൗതുകമേറിയ ആഘാതങ്ങള്‍ ഏള്പ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് കെട്ടുകണക്കിന് ചൂരല്കൊട്ടകളും തസ്ബീഹ് മാലയുമായി വന്നു കയറുകയും പശുവിന്റെയും കിളിയുടെയും രൂപങ്ങളുളള( ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം ) മഞ്ഞ ബിസ്ക്കറ്റുകള്‍ നല്‍കുകയും ചെയ്തിരിക്കുന്ന എന്റെ വല്ല്യപ്പാപ്പയെ ഓര്‍ത്തു ഓരോ ബഷീര്‍ കഥകള്‍ വായിക്കുമ്പോഴും ഞാന്‍. ഓരോ വരവിലും അത്രയേറെ പുതുമയേറിയത് വല്ലുപ്പാപ്പയുടെ ബിസ്ക്കറ്റുകള്‍. ഓരോ വായനയിലും അത്രയേറെ കൊതിയേറിയത് ബഷീറിന്റെ കഥകള്‍.
ബഷീറിങ്ങനെ കൊതികള് തീര്‍ത്തുകൊണ്ടിരുന്ന ഒരു കാലത്താണ് കോളേജ് അദ്ധ്യാപകനായ എന്റെ ഉപ്പ അവധിയെടുത്ത് എംഫിലിന്റെ ഭാഗമായി ഇ മൊയ്തു മൗലവിയെക്കുറിച്ച് ഗവേഷണത്തിന് പോയത്. ഒരു ദിവസം കോഴിക്കോട് നിന്ന് വന്ന ഉപ്പ പ്രഖ്യാപിച്ചു; ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഇന്റെര്‍വ്യൂ ചെയ്തു.
വല്ലാത്ത ഒരു സങ്കടമാണ് എനിക്കാ പ്രസ്താവന തന്നത്.
ഒന്ന് പലവട്ടം ഉപ്പ കോഴിക്കോട് കൊണ്ടുപോയിട്ടുണ്ടെങ്കിലും ബഷീറിനെ കാണിച്ചുതന്നിട്ടില്ല.
രണ്ട്, ഞങ്ങളെ കൂട്ടാതെ ഇപ്പോള്‍ ഉപ്പ അത് സാധ്യമാക്കിയിരിക്കുന്നു
ഉപ്പാക്ക് കട്ടായമായും ബഷീര്‍ സുലൈമാനി തന്നെ കൊടുത്തിരിക്കുമെന്ന് ഞാനങ്ങ് ഉറപ്പിച്ചു. ചിലപ്പോള്‍ മാങ്കോസ്റ്റെന് ചുവട്ടില്‍ ചാരുകസേരയില്‍ കിടന്ന് “കാറ്റ്റിനിലെ വരും ഗീതം… ” കേട്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും ബഷീറിനെ ഉപ്പ തേടിപ്പിടിച്ചിട്ടുണ്ടാവുക.
ഉപ്പ കാട്ടിതരാത്ത ബഷീറിനെ എനിക്ക് പിന്നെ കാണാനേ ആയില്ല. ഞാന്‍ മുതിര്‍ന്ന് എഴുത്തിന്റെ ബാലപംക്തി കേറിയപ്പോഴേക്കും പ്രീയപ്പെട്ട ബഷീര്‍ മരിച്ചിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ബോംബെയില്‍ എം പി നാരായണപ്പിള്ള കഥാ പുരസ്കാരം ഏറ്റു വാങ്ങാന്‍ പോയപ്പോള്‍ എനിക്കവിടെ ബഷീറിനെ പറഞ്ഞേതീരൂ എന്നായി… “ഇപ്പോഴും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരന് ആരാണെന്നറിയുമോ ” ബാണ്ടുപിലെ സ്റ്റേഷന് പ്ലാസയില്‍ ഒത്തുകൂടിയ സദസ്സിനോട് ഞാന്‍ ചോദിച്ചു.
നിശബ്ദതയോടെ ചെവി കൂര്‍പ്പിച്ച സദസ്സിനോട് ഞാന്‍ പറഞ്ഞു. “ബഷീര്‍… വൈക്കം മുഹമ്മദ് ബഷീര്‍..” എന്റെ പ്രസാധക സുഹൃത്തായ പാപ്പിയോണ്‍ നൗഷാദ്ക്ക ഒരിക്കല്‍ പറഞ്ഞ ഇത്തരം ഒരു പ്രസ്താവനയ്ക്ക് നിദാനം. നൗഷാദ്ക്ക ഒരിക്കല്‍ പറഞ്ഞിരുന്നു, ആ മനുഷ്യന് മരിച്ചാലെന്താ…ഇന്ന് ഏറ്റവും കൂടുതല്‍ എഴുതുന്നത് ബഷീറാണ്. ഡിസി ബൂക്സ് വഴി ഒരോ മാസവും വിറ്റുപോകുന്ന പുസ്തകങ്ങളുടെ കണക്ക് മാത്രം നോക്കിയാല്‍മതി അതറിയാന്‍..
ബഷീറിന് നൂറാം ജന്മദിനം എന്ന വിശേഷമാണ് ഏറ്റവും ഒടുവില്‍ എന്നെ തേടിവന്ന ബഷീര്‍ പോരിശ. ചെന്നെയിലെ പെര്‍ച് എന്ന നാടകസംഘം 2008 ജനുവരി മാസം മുഴുവന്‍ ബഷീര്‍ ഫെസ്റ്റിവെലായി കൊണ്ടാടിയത് കണ്ടപ്പോള്‍ ലജ്ജതോന്നി ഇല്ലാതായിപ്പോയി ഞാന്‍. എന്തുകൊണ്ട് നാമാരും ഇത്തരം ഒരു ആഘോഷം ഇതുവരെ തുടങ്ങിയില്ല. ഇംഗ്ലീഷ് എന്ന ഭാഷ ബഷീറിനെ ഏറ്റെടുത്തിരിക്കുന്നു( അതോ തിരിച്ചോ ) എന്നതിന്റെ തെളിവായി ബഷീറിയന്‍ കഥാപാത്രങ്ങളെ നിരത്തി പെര്‍ച്ച് ഒരുക്കിയ അരങ്ങ്.
ചെന്നൈയിലെ ബഷീര്‍ ആഘോഷം പങ്കുവെയ്ക്കാനെത്തിയ ഏവരും ഏറെ സന്തോഷഭരിതരായിരുന്നു. ഷാഹിനത്തയും അനീസ്ക്കയും തങ്ങളുടെ ടാറ്റ അരങ്ങില്‍ നിറഞ്ഞിരിക്കുന്നത് കണ്ട് ഒരുപാട് ആഹ്ലാദിച്ചു. ബഷീര്‍ ടീ ഷര്‍ട്ടുകളും കുര്‍ത്തകളും കുടയുമെല്ലാം അവിടെ ആള്‍ക്കാരെ തേടി ശാന്തതയോടെ ഇരിക്കുന്നതുകണ്ട് ഏറെയുളളില് അഭിമാനിച്ചു.
പ്രശസ്ത ബഷീര്‍ വിവര്ത്തകന് ആര് ഇ ആഷര്‍ പുനലൂര്‍ രാജന്റെ ബഷീര്‍ ചിത്രങ്ങള്‍ക്കുമുന്നില്‍ ധ്യാനനിരതനായി നില്ക്കുന്ന നേരത്ത് പഴയ ഓര്‍മ്മകളിലേക്ക് ഞാനും സഞ്ചരിച്ചു. നിങ്ങളെങ്ങനെ ബഷീറിലെത്തി? ആകാംക്ഷയോടെ കാത്തുവച്ചിരുന്ന ചോദ്യം ഞാന്‍ ആഷിറിനോട് ചോദിച്ചു.
1964 ല്‍ എറണാകുളത്ത് വരുന്നതും ബഷീര്‍ എന്ന എഴുത്തുകാരനെക്കുറിച്ച് നളിനീ ബാബു എന്ന സുഹൃത്ത് ആദ്യമായി പറഞ്ഞ് തന്നതും ബഷീര്‍ എന്ന സാഗരത്തെ അടുത്തറഞ്ഞതുമെല്ലാം തിളങ്ങുന്ന കണ്ണുകളോടെ ആഷര്‍ എനിക്കു വിശദീകരിച്ചുതന്നു. മതിലുകളില്‍ ഒപ്പിടുമ്പോള്‍ എന്റെ ഷെഫര്‍ പേനയ്ക്ക് ഒരു ഗൂഡ് സര്‍ട്ടിഫിക്കറ്റും തന്നു ആഷര്‍.
ബഷീര്‍ മലയാളിക്ക് ആരായിരുന്നു എന്ന ചോദ്യം ഞാനും ചോദിച്ച് തുടങ്ങിയത് ഈ നേരത്താണ്. മാങ്കോസ്റ്റൈന്‍ ചുവട്ടിലിരുന്ന് മലയാളിയെ ജീവിതത്തിന്റെ ഫിലോസഫി പഠിപ്പിച്ച പച്ച മനുഷ്യനോ? അതോ ജീവിതമെന്നത് ഒരപ്രകാശിത രചനയാണെന്ന് സ്വന്തം കാലം കൊണ്ട് കാണിച്ചുതന്ന ഒരു അവധൂതനോ ?
കുടുക്കിട്ട് വീഴ്ത്തും കെണിയാകെതെ തന്റെ ഭാഷയെ പൊന്നുപോലെ സൂക്ഷിച്ചതാണ് മലയാള ഭാഷയോട് ബഷീര്‍ ചെയ്ത സുജനമര്യാദകളിലൊന്ന് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഏത് അരിപ്പയ്ക്കും അരിച്ചെടുക്കാനാവാത്ത ഒരു മാന്ത്രിക ജലമായിരുന്നു ആ എഴുത്തുകാരന്റെ വിശാലമായ അക്ഷര ലോകം. ഇപ്പോഴെനിക്ക് തോനുന്നു, മലയാളി ശരിക്കും അറ്റന്റ് ചെയ്യാന്‍ മറന്നുപോയ ഒരു മിസ്ഡ് കോളായിരുന്നു ബഷീര്‍ !
ഈ ബഷീര്‍ കൗതുകച്ചെപ്പ് തീരുന്നത് ശരിക്കും 2008 ന്റെ അവസാനത്തിലാണ്. കോഴിക്കോട്ടുനിന്നും മദ്രാസിലേക്ക് ട്രെയിന്പിടിച്ചുവന്ന എന്റെ ഡിസൈനര്‍ സുഹൃത്ത് സൈനുല്‍ ആബിദിന്റെ കയ്യില്‍ ബഷീറിന്റെ മകള്‍ ഷാഹിന ( ഷാഹിനത്ത ) കൊടുത്ത വിട്ട ബഷീര്‍ പുസ്തകങ്ങള്‍ പൊതിയഴിച്ച് നോക്കുകയായിരുന്നു ഞാന്‍. ” പടച്ചോനേ.. . എല്ലാം എഴുത്തുകാരനെ പ്രസാധകര് കൊടുക്കുന്ന ഓതേഴ്സ് കോപ്പികള്‍..”
ആ പുസ്തകങ്ങളില്‍ പതിയാതെപോയ “വൈക്കം മുഹമ്മദ് ബഷീര്‍ “” എന്ന നീട്ടിപ്പിടിച്ച ഒപ്പിനെയോര്ത്ത് എന്റെ മനസ്സ് ഒരു നിമിഷം അപ്പോള്‍ വല്ലാതെ നനഞ്ഞിരുന്നു.
doolnews.com ലിറ്റററി എഡിറ്ററാണ് ലേഖകന്‍. ഇ-മെയില്‍ വിലാസം <nishadjournalist@gmail.com> മൊബൈല്‍ : +91 9962131382
വര: മജ്നി തിരുവങ്ങൂര്‍